തിരുവനന്തപുരം: ചാക്കയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് പ്രതി ഹസൻക്കുട്ടിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെയാണ് സംഭവിച്ച കാര്യങ്ങൾ ഹസൻകുട്ടി പോലീസിനോട് തുറന്നു പറഞ്ഞത്.
പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി നടക്കുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്ത് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങുന്ന കുഞ്ഞിനെ കണ്ടത്. ഉറങ്ങി കിടന്ന കുഞ്ഞിനെ എടുത്ത് മുന്നോട്ടുപോകുമ്പോൾ തന്നെ കരഞ്ഞു. ശബ്ദമുണ്ടാക്കാതിരിക്കാനായി വാ പൊത്തിപ്പിടിച്ച് ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നു. ഒന്നും പറ്റാതിരിക്കാൻ സമീപത്തെ കാട്ടിലേക്ക് ചാടി. അവിടെ വച്ചാണ് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പക്ഷേ ബോധം ഇല്ലാതെ വന്നതോടെ മരിച്ചെന്ന് കരുതിയെന്നും പിന്നാലെ അവിടെ ഉപേക്ഷിക്കുകയായിരുന്നെന്നും പ്രതി തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു.
വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞില്ല. സംഭവം നടന്ന സമയത്ത് ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കും അവിടെ നിന്ന് പഴനിയിലേക്കും പോയെന്നാണ് ഹസൻകുട്ടിയുടെ മൊഴി. രണ്ടിടത്തും ഇയാളെ നേരിട്ടെത്തിച്ച് പോലീസ് മൊഴി രേഖപ്പെടുത്തും.