ഇടുക്കി: ഹോസ്റ്റൽ ഭക്ഷണത്തിൽ ഒച്ച്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിന്റെ ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിലാണ് ഒച്ചിനെ കണ്ടത്. ലേഡീസ് ഹോസ്റ്റലിൽ രാത്രിയിൽ നൽകുന്ന കഞ്ഞിയിലാണ് ഒച്ചിനെ കണ്ടത്. സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ഹോസ്റ്റലിലെയും കോളേജിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം രാത്രി വൈകിയും തുടർന്നു. 5,550 രൂപ വാടക നൽകി ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിലുള്ള ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്. നിരവധി വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിലും കോളേജിലുമായി പ്രതിഷേധത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
സമൂഹമാദ്ധ്യമത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കഞ്ഞിയിൽ നിന്നും ഒച്ചിനെ മാറ്റിവച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ്, തങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന കുറിപ്പ് വിദ്യാർത്ഥിനികൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഇന്നത്തെ സ്പെഷ്യൽ കഞ്ഞിയാണെന്നും ഹോസ്റ്റൽ ഫീസ് കൊടുത്തു നിൽക്കുന്ന ഞങ്ങൾ ഇതാണ് കഴിക്കുന്നതെന്നും വിദ്യാർത്ഥിനികൾ പറയുന്നു.