ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച 34 ധ്രുവ് ഹെലികോപ്റ്ററുകൾ കൂടി. കരസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും വേണ്ടി ഇവ ഏറ്റെടുക്കുന്നതിന് കേന്ദ്രം അനുമതി നൽകി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ഒൻപത് എണ്ണവും കരസേനയ്‌ക്ക് 25 എണ്ണവുമാകും ലഭിക്കുക.
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ (എഎൽഎച്ച്) ധ്രുവ് വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കാലപഴക്കം വന്ന യുദ്ധോപകരണങ്ങളെ മാറ്റി, പകരം തദ്ദേശീയമായി വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കും. സേനയുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 8,000 കോടി രൂപയാണ് പദ്ധതി ചെലവ്.
ഇതിന് പുറമേ ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളുകൾ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അഡ്വാൻസ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാമിന് കീഴിൽ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ എയർക്രാഫ്റ്റ് വികസിപ്പിക്കാനുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നിർദ്ദേശത്തിനും സർക്കാർ അനുമതി നൽകി. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നത്.