ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്. 1,500 ഓളം തൊഴിലാളികളാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രണ്ട് നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 3,500 ലധികം തൊഴിലാളികളെ ഉടൻ വിന്യസിക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. കഴിഞ്ഞ ജനുവരി 22-നാണ് രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തത്.
മഹർഷി വാത്മീകി, മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവരുടെ ആരാധനാലയങ്ങളുണ്ട്. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തേധി ബസാർ മുതൽ ക്ഷേത്ര ഭൂമിയിലെ തപാൽ ഓഫീസ് വരെയുള്ള റോഡ് വികസിപ്പിക്കും. ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 75 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പറയുന്നതനുസരിച്ച് ഏകദേശം 25 കിലോ വെള്ളിയും 10 കിലോ സ്വർണവുമാണ് ക്ഷേത്രത്തിൽ വഴിപാടായി എത്തിയത്. സ്വർണം, വെള്ളി ആഭരണങ്ങളിൽ കിരീടം, മാല, കുട, രഥം, വളകൾ, കണങ്കാൽ എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, കളിപ്പാട്ടങ്ങൾ, വിളക്കുകൾ, ധൂപവർഗ്ഗങ്ങൾ, വില്ലും അമ്പും, തുടങ്ങിയവയും ഉൾപ്പെടുന്നു.















