ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യ ഭാരത സന്ദർശനത്തിനൊരുങ്ങി ഭൂട്ടാൻ പ്രധാനമന്ത്രി ഷേറിംഗ് തോബ്‌ഗേ. മാർച്ച് 15, 16 തീയതികളിലായിരിക്കും അദ്ദേഹം രാജ്യം സന്ദർശിക്കുക. ജനുവരി 28 നായിരുന്നു അദ്ദേഹം രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭൂട്ടാനിലെ സമ്പദ്‌വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കുന്നതിനുമുള്ള പദ്ധതികൾ ചർച്ച ചെയ്യും. ഇന്ത്യ സന്ദർശനത്തിൽ പ്രധാനമന്ത്രിയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നിലവിൽ ഭൂട്ടാനിൽ വലിയ തോതിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനിടെ ചൈനയുടെ ഇടപെടലുകളടക്കം രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ തോബ്‌ഗേയുടെ ഇന്ത്യാ സന്ദർശനം വളരെ നിർണായകമാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശിക വിഷയങ്ങളെ പറ്റിയും രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനായുള്ള പണം സ്വരൂപിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യും.
ഭൂട്ടാന്റെ അടുത്ത വികസന പങ്കാളിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഭൂട്ടാന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനായി പഞ്ചവത്സര പദ്ധതികളിൽ നിന്നായി നിർണായക സംഭാവനകൾ നൽകും. 600 ലധികം വികസന പദ്ധതികളുടെ പിന്തുണയും ഉറപ്പുവരുത്തും. അടുത്തിടെ ഭൂട്ടാന്റെ ഉന്നമനത്തിനായി 15 ബില്യൺ സാമ്പത്തിക ഉത്തേജക പാക്കേജ് നൽകി ഭാരതം പിന്തുണ അറിയിച്ചിരുന്നു. ടൂറിസം, സാങ്കേതികവിദ്യ, ചെറുകിട വ്യവസായം എന്നീ മേഖലകൾ ബലപ്പെടുത്താനായി ഇത് വിനിയോഗിക്കുമെന്ന് തോബ്‌ഗേ അറിയിച്ചിരുന്നു.















