ലക്‌നൗ: അമേഠിയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ബിജെപിയുടെ കരുത്ത് കോൺഗ്രസ് തിരിച്ചറിഞ്ഞതായും പരാജയഭീതി ഭയന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും അവർ പറഞ്ഞു. രാഹുൽ അമേഠിയിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമൃതിയോട് കനത്ത പരാജയമാണ് രാഹുലിന് ഏറ്റുവാങ്ങേണ്ടി വന്നത്.
അമേഠി ഗാന്ധി കുടുംബത്തിന്റെ കോട്ടയാണെന്നാണ് പലരും പറയുന്നത്. എന്നാൽ ഇക്കൂട്ടർ എന്തുകൊണ്ടാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി സമയം എടുക്കുന്നത്? കോൺഗ്രസിന്റെ കോട്ടയല്ല, അമേഠിയെന്ന ആത്മവിശ്വാസക്കുറവാണ് ഇതിന് പിന്നിൽ. രാഹുൽ രണ്ട് സീറ്റിൽ മത്സരിച്ചാൽ അതിനർത്ഥം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അമേഠിയിൽ തോൽവി സമ്മതിച്ചു എന്നാണ്. രാഹുലിനോട് ധൈര്യമുണ്ടെങ്കിൽ സഖ്യമില്ലാതെ അമേഠിയിൽ വന്ന് മത്സരിക്കാൻ ഞാൻ പറഞ്ഞിരുന്നു. സത്യം പുറത്തുവരും- സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയിലെ ജനങ്ങൾക്ക് മുന്നിലേക്ക് ഞാൻ എത്തുന്നത് 2014-ലാണ്. അന്ന് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എങ്കിലും ഇവിടുത്തെ ജനങ്ങളെ സേവിക്കുന്നത് ഞാൻ തുടർന്നു, അവർക്കൊപ്പം നിന്നു. 2019-ൽ അമേഠിയിലെ ജനങ്ങൾ എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, അവരെനിക്ക് അവസരം നൽകി. കോൺഗ്രസിന്റെ ഭരണകാലത്ത് അമേഠിയുടെ വികസനം മുരടിച്ചെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. സിറ്റിംഗ് സീറ്റായ അമേഠിയിൽ സ്മൃതി ഇറാനി വിജയിച്ചത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു.















