ലോകമെമ്പാടുമ്പുള്ള ആരാധകരെ പ്രായഭേദമന്യേ ചിരിപ്പിച്ച ഡ്രാഗൺബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു. 68-ാം വയസിലായിരുന്നു ജപ്പാൻ കാർട്ടൂൺ പരമ്പരകളിലൂടെ ജനപ്രിയനായ അകിരയുടെ വിയോഗം. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്നാണ് അന്ത്യം.ഡ്രാഗൺബോളിന്റെ എക്സ് പേജിലൂടെയാണ് വിയോഗ വാർത്ത അവർ സ്ഥിരീകരിച്ചത്. നിരവധി ആരാധകർ അകിരയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇതിഹാസമെന്നാണ് പലരം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
1984ലാണ് ഡ്രാഗൺ ബോൾ ആരാധകർക്ക് മുന്നിലെത്തുന്നത്. കൗതുകവും കോമഡിയും എന്നതിലുപരി അകിരയുടെ സൃഷ്ടികൾക്ക് ആരാധകരെ കീഴ്പ്പെടുത്താനുള്ള വല്ലാത്തൊരു ആകർഷണമുണ്ടെന്നാണ് കാണികളുടെ പക്ഷം. ഡ്രാഗൺ ബോൾ ഹിറ്റായതിന് പിന്നാലെ നിരവധി ആനിമേഷൻ സീരിസുകളും സിനിമകളും പുറത്തിറങ്ങി. ഇത് അകിരയെ കൂടുതൽ ജനപ്രീതിയിലേക്ക് നയിച്ചു.
മാർച്ച് ഒന്നിനാണ് അദ്ദേഹം മരിച്ചത്. സംസ്കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമെ പങ്കെടുത്തുള്ളൂവെന്ന് ഡ്രാഗൺ ബോൾ പ്രസ്താവനയിൽ അറിയിച്ചു. 1955 ൽ ജപ്പാനിലെ നാഗോയിൽ ജനിച്ച അദ്ദേഹം 1980 ന്റെ തുടക്കത്തിലാണ് കോമിക് രചകളിലേക്ക് കടക്കുന്നത്. ഭൂമിയ അപകടത്തിലാക്കാൻ എത്തുന്ന അന്യഗ്രഹ ജീവികളിൽ നിന്ന് പ്രപഞ്ചത്തെ രക്ഷിക്കാൻ ഡ്രാഗൺ ബോളുകൾ ശേഖരിക്കുന്ന അമാനുഷിക ശക്തികളുള്ള സൺ ഗോകു എന്ന കുട്ടിയുടെ കഥയാണ് ഡ്രാഗൺ ബോളിൽ പറയുന്നത്.















