ബിജെപിയുടേത് ശക്തമായ നേതൃത്വമെന്ന് ആവർത്തിച്ച് പദ്മജ വേണുഗോപാൽ. സ്വതന്ത്ര്യമായി പ്രവർത്തിക്കുകയും നേതൃപാടവമുള്ള നേതാവിന് കീഴിലും പ്രവർത്തിക്കുകയാണ് ഏതൊരു പ്രവർത്തകന്റെയും ആഗ്രഹം അതിനുള്ള അവസരം എന്തുകൊണ്ടും ലഭിക്കുന്നത് ബിജെപിയിലാണ്. എല്ലാ ജാതി മതക്കാരും ബിജെപിയെ ഒരേ പോലെയാണ് കാണുന്നത്. എല്ലാ മതത്തിൽ പെട്ടവരും പാർട്ടിയുടെ ഭാഗമാണ് ഇന്ന്. അനിൽ ആൻ്റണി, അബ്ദുൾ സാലം, അബ്ദുള്ളക്കുട്ടിയൊക്കെ ഉദാഹരണം. അംഗത്വം സ്വീകരിച്ച ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.
കോൺഗ്രസ് തന്നെ പൂർണമായും അവഗണിച്ചുവെന്ന് പദ്മജ തുറന്നടിച്ചു. അപമാനം സഹിച്ചാണ് അവിടെ തുടർന്നതെന്നും അവർ പറഞ്ഞു. ഏത് പാർട്ടിക്കും ശക്തനായൊരു നേതാവ് വേണം. കോൺഗ്രസ് പാർട്ടിക്ക് ഇല്ലാത്തതും അതുതന്നെയാണ്. നേതാക്കൾക്ക് സമയമില്ലെന്നാണ് പറയുന്നത്. സോണിയ ആരെയും കാണുന്നില്ല. രാഹുലിനും സമയമില്ല. പിന്നെ നേതാക്കൾ ഇല്ല. ഓരോ ദിവസവും അപമാനിക്കപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയിലും അംഗമാക്കിയിരുന്നില്ല. തൃശൂരിൽ നിന്ന് ഓടിക്കുകയാണ് നാലഞ്ച് പേുടെ ലക്ഷ്യം. എവിടെയും തനിക്കെതിരെ പ്രശ്നങ്ങൾ മാത്രമാണ്. നേതൃത്വത്തോട് പറയുമ്പോൾ നിസാരവത്കരിക്കുകയാണ്. ഇതെല്ലാം കാലങ്ങളായി എന്റെ മനസിനെ വേദനിപ്പിക്കുന്നു.
ഇത്രയേറെ ആളുകൾ പാർട്ടി വിട്ടുപോയിട്ടും ഇതുവരെ കോൺഗ്രസുകാർക്ക് കൊണ്ടിട്ടില്ലാന്നാണ് തോന്നുന്നത്. എന്റെ പിതാവ് പോയപ്പോൾ പോലും അദ്ദേഹത്തെ ഇത്തരത്തിൽ ചീത്ത പറഞ്ഞിട്ടുണ്ട്. അന്ന് ഞാനും കോൺഗ്രസിൽ ഉറച്ച് നിന്നയാളാണ്. ഞാൻ ജനിച്ചത് മുതൽ ഇന്നലെ വരെ കോൺഗ്രസുകാരിയായി ജീവിച്ചയാളാണ്. പക്ഷേ കഴിഞ്ഞ മൂന്ന് വർഷമായി പാർട്ടിയുമായി അകൽച്ചയിലാണ്. രണ്ട് തവണയും തിരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിച്ചത് ആരാണെന്ന് വ്യക്തമായി അറിയാം.
വലിയ നേതാക്കൾക്കെതിരെ പരാതി കൊടുക്കാൻ അവകാശമില്ലാത്തതിനാൽ താഴെ തട്ടിലുള്ളവർക്ക് പല തവണ പരാതി നൽകിയിട്ടുണ്ട്. കെപിസിസി പരാതി അവഗണിച്ചുവെന്ന് മാത്രമല്ല, എന്റെ മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് കോൺഗ്രസ് ഉണ്ടാക്കിയത്. പാർട്ടി വിട്ട് കേരളം വിടാൻ പദ്ധതിയിട്ടിരുന്ന സമയത്ത് അച്ഛന്റെ പേരിൽ സ്മാരകം എന്ന് പറഞ്ഞ് പാർട്ടിയിൽ പിടിച്ചുനിർത്തി. എന്നാൽ അവർല ഒരു കല്ല് പോലും വയ്‌ക്കില്ലെന്ന് ഉറപ്പായി. നേതാക്കന്മാർ പലരും അച്ചനെ അപമാനിക്കുന്നത് പോലെ സംസാരിച്ചു. അതോടെയാണ് പാർട്ടിയിൽ നിൽക്കില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് അവർ പറഞ്ഞു.















