ന്യൂഡൽഹി: ആധുനികതയുടെ പ്രതീകമായാണ് പലരും മിനി സ്കേർട്ടുകളെ കാണുന്നത്. എന്നാൽ, അങ്ങനെയല്ലന്നും കൊണാർക്കിലേക്ക് പോയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിൽ മിനി സ്കേർട്ടുകളും കൈകളിൽ പഴ്സും ധരിച്ച് നിൽക്കുന്ന നിരവധി ശില്പങ്ങൾ കാണാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ കണ്ടന്റ് ക്രിയേറ്റേഴ്സിനെ അനുമോദിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യൻ സംസ്കാരത്തെയും വേഷവിധാനത്തെയും കുറിച്ചുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന 19 കാരിയായ ജാൻവി സിംഗിനായിരുന്നു ഹെറിറ്റേജ് ഫാഷൻ ഐക്കൺ അവാർഡ് ലഭിച്ചത്. ജാൻവി സിംഗിന് അവാർഡ് കൈമാറിയതിന് ശേഷം കൊണാർക്ക് സൂര്യക്ഷേത്രത്തിലെ ശിൽപങ്ങളെക്കുറിച്ചും സമകാലിക സമൂഹത്തിലെ ഫാഷനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു.
നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ശിൽപികൾ പോലും ഫാഷനെക്കുറിച്ച് ബോധമുള്ളവരായിരുന്നു. അതിനാലണ് കൊണാർക്കിലേക്ക് പോയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിൽ മിനി സ്കേർട്ടുകളും കൈകളിൽ പഴ്സും ധരിച്ച് നിൽക്കുന്ന നിരവധി ശില്പങ്ങൾ കാണാൻ കഴിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റെഡിമെയ്ഡ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന നിലവിലെ പ്രവണതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യൻ വസ്ത്രങ്ങൾക്ക് ശക്തമായ സ്വാധീനം ചെലുത്താൻ സാധിക്കണം. ആഗോള വിപണിയിൽ ഇന്ത്യൻ ഫാഷന് വിപുലമായ സാധ്യതകളുണ്ട്. ഇന്ത്യയുടെ തനതായ സാംസ്കാരിക സ്വത്വം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന പരമ്പരാഗത വസ്ത്രങ്ങളിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ മികച്ച ഉള്ളടക്കം സൃഷ്ടിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ പ്രചോദിപ്പിക്കുന്ന ചടങ്ങായിരുന്നു ഭാരത് മണ്ഡപത്തിൽ നടന്നത്. നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് 2024ൽ 20 കാറ്റഗറിലായി പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ലോക പ്രേക്ഷകരെ ആകർഷിക്കുന്ന ഉള്ളടക്കങ്ങൾ തയ്യാറാക്കാൻ ഡിജിറ്റൽ ക്രിയേറ്റേഴ്സിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.