തിരുവനന്തപുരം: മറ്റ് പാർട്ടികളുടെ സഹായത്താൽ ഒറ്റ ദിവസം കൊണ്ട് നേതാവായ ആളാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് പദ്മജ വേണുഗോപാൽ. മൂക്കാതെ പഴുക്കുന്ന സ്വഭാവമാണെന്നും അദ്ദേഹത്തെ സംരക്ഷിക്കാൻ ഒന്ന് രണ്ട് നേതാക്കന്മാരുണ്ടെന്നും പദ്മജ പറഞ്ഞു. ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും അംഗത്വം സ്വീകരിച്ച് തിരിച്ചെത്തിയ ശേഷം ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു പദ്മജ വേണുഗോപാൽ.
‘മൂക്കാതെ പഴുക്കുന്ന സ്വഭാവമാണ് രാഹുലിന്റേത്. ചാനൽ ചർച്ചകളിൽ ഇരുന്നിട്ട് പെട്ടെന്നൊരു ദിവസം നേതാവായ ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ആൾക്ക് തന്നെ തോന്നിയിരുന്നു നേതാവ് ആകണമെങ്കിൽ അടിപിടി ഉണ്ടായാൽ മാത്രമേ സാധിക്കുകയുള്ളൂയെന്ന്. വേറെ പാർട്ടികളുടെ സഹായത്തോടെ ജയിലിൽ പോയി അടിയും ഇടിയും ബഹളവുമൊക്കെ ഉണ്ടാക്കിയിരുന്നു. അങ്ങനെ ഒറ്റ ദിവസം കൊണ്ട് നേതാവായ ആളായിരുന്നു രാഹുൽ.
ഇതെല്ലാം, ഞാൻ അന്തംവിട്ട് നോക്കിയിരിക്കുകയായിരുന്നു. കാരണം, പാർട്ടിയുടെ ഒരു കാര്യത്തിലും രാഹുലിനെ പണ്ട് ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തെ സംരക്ഷിക്കാൻ ഒന്ന് രണ്ട് നേതാക്കന്മാർ ഉണ്ടായിരുന്നു. അങ്ങനെയാണ് ആൾ നേതാവായത്. ഞാൻ നല്ലതുപൊലെ കഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ, ഈ ഒന്നരകൊല്ലം മാത്രമാണ് ഒന്ന് പിന്നിലേക്ക് പോയത്. അത് വരെ നന്നായിട്ട് പണിയെടുത്തിട്ടുണ്ട്. അതുകൊണ്ട്, ഇങ്ങനെയുള്ള കാര്യങ്ങൾ എന്നോട് പറയേണ്ട. അച്ഛൻ ഒളിവിലായിരിക്കുന്ന സമയത്ത് കാണാൻ പോയിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട്, ഇത്തരത്തിലെ പ്രയോഗങ്ങളൊന്നും എന്റെയടുത്ത് കാണിക്കേണ്ട. അദ്ദേഹത്തിന്റെ സംസ്കാരമാണ് ഈ രീതിയിൽ പറയാൻ കാരണം.’- പദ്മജ വേണുഗോപാൽ പറഞ്ഞു.