ന്യൂഡൽഹി : മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായതായി റിപ്പോർട്ട് . മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം കുറവുണ്ടായി .
2023 മാർച്ചിൽ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിച്ചപ്പോൾ 2024 മാർച്ചിൽ ഇത് 27,224 ആയി കുറഞ്ഞു. 33 ശതമാനം കുത്തനെ ഇടിവ് കാണിക്കുന്നതായി മാലദ്വീപ് ആസ്ഥാനമായുള്ള അധാധുവിന്റെ റിപ്പോർട്ട് പറയുന്നു. ലക്ഷദ്വീപ് ദ്വീപുകളെ കുറിച്ചുള്ള ഇന്ത്യൻ ഗവൺമെൻ്റിന്റെ ടൂറിസം പ്രചാരണമാണ് ഈ ഇടിവിന് പിന്നിലെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2023 മാർച്ച് വരെ, മാലദ്വീപിന്റെ വിനോദസഞ്ചാരത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സായിരുന്നു ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ മാലദ്വീപിനെ പിടിച്ചുലയ്‌ക്കുകയായിരുന്നു. ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഇടിവ് കാണുമ്പോൾ, മാലദ്വീപ് സന്ദർശിക്കുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവാണുള്ളത്. 2024-ൽ 54,000-ത്തിലധികം ചൈനീസ് വിനോദസഞ്ചാരികൾ രാജ്യത്ത് എത്തിയിട്ടുണ്ട്.ഈ വർഷം ഫെബ്രുവരിയിൽ മൊത്തം 217,394 വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തി, അതിൽ 34,600-ലധികം പേർ ചൈനയിൽ നിന്നുള്ളവരാണ്.















