ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് തുടരുന്ന മ്യാൻമർ പൗരന്മാരുടെ ആദ്യ സംഘത്തെ ഇന്ത്യ നാടുകടത്തി. 2021ൽ മ്യാൻമറിൽ നടന്ന സെനിക അട്ടിമറിയെ തുടർന്ന് അനധികൃതമായി അതിർത്തി കടന്നെത്തിയ സംഘത്തെയാണ് തിരിച്ചയച്ചതെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് വ്യക്തമാക്കി. മ്യാൻമറുമായുള്ള വിസരഹിത അതിർത്തി നയം ഇന്ത്യ ആഴ്ചകൾക്ക് മുൻപാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നടപടി.
2021-ലെ അട്ടിമറിക്ക് ശേഷം നൂറുകണക്കിന് റോഹിംഗ്യകൾ അതിർത്തി കടന്നെത്തിയത് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയതായി ആഭ്യന്തമന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതൊടെയാണ് അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചത്. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് കൃത്യമായ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
ദേശീയ സുരക്ഷാ പ്രശ്‌നം മുൻനിർത്തിയാണ് മ്യാൻമറുമായുള്ള വിസരഹിത സഞ്ചാരം നയം ഇന്ത്യ അവസാനിപ്പിച്ചത്. മ്യാൻമറുമായുള്ള 1,643 കിലോമീറ്റർ അതിർത്തിയിൽ വേലി കെട്ടാനുള്ള പദ്ധതിയുമായി ആഭ്യന്തമന്ത്രാലയം മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിസരഹിത സഞ്ചാരം നയം ഇന്ത്യ റദ്ദാക്കിയത്.