തിരുവനന്തപുരം: പൂഞ്ഞാറിൽ വൈദികനെ വണ്ടി ഇടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ മുഖ്യമന്ത്രി മതം നോക്കി വിലയിരുത്തിയെന്നും പൂഞ്ഞാറിലെ വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയെന്നും സമസ്ത വിമർശിക്കുന്നു.
“നാട്ടിൽ വാഹനാപകടമുണ്ടായാലും അതിർത്തി തർക്കമുണ്ടായാലും വ്യക്തികൾ തമ്മിൽ പ്രശ്നം ഉണ്ടായാലും അതിലൊക്കെ മതം നോക്കി ഇടപെടുന്ന വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി തരംതാഴാൻ പാടില്ലായിരുന്നു. അതിക്രമം കാട്ടിയ കുട്ടികളോ അതു നേരിട്ട പള്ളി വികാരിയോ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളോ അന്നാട്ടുകാരോ കാണാത്ത, ചിന്തിക്കാത്ത തലത്തിലേക്ക് ആ വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയത് പൊതുസമൂഹത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കിയത്.
ഒരു പ്രാദേശിക രാഷ്‌ട്രീയ നേതാവിനെ പോലെ അപക്വമായി മുഖ്യമന്ത്രി സംസാരിക്കുന്നത് നാടിന് നല്ലതല്ല. ഏത് വസ്തുതകളുടെ പിൻബലത്തിലാണ് പൂഞ്ഞാറിൽ മുസ്ലീം വിദ്യാർത്ഥികൾ തെമ്മാടിത്തം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പോലീസ് റിപ്പോർട്ട് ഉദ്ധരിച്ചോ, പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നുള്ള വിവരം അനുസരിച്ചോ? രണ്ടായാലും അതു തെറ്റായ വിവരമാണെന്ന് അന്നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ലാമോഫോബിയ എന്നത് ഫാസിസ്റ്റുകളുടെ രീതിയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന യാദൃശ്ചികമാണെന്ന് കരുതാൻ കഴിയില്ല”- മുഖപ്രസംഗത്തിൽ പറയുന്നു.
മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ‘എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാണിച്ചത്. വൈദികന് നേരെ വാഹനം കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുക. എന്നാൽ, അതിൽ മുസ് ലിം വിഭാഗക്കാർ മാത്രമാണുണ്ടായത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെയാണ് സമസ്തയുടെ മുഖപത്രത്തിന്റെ പരാമർശം.
കോട്ടയം പൂഞ്ഞാർ സെന്റ്. മേരീസ് പള്ളിയിലായിരുന്നു സംഭവം. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഫെയർവെൽ പരിപാടിക്ക് ശേഷം കുട്ടികൾ ഫോട്ടോഷൂട്ടിനായി പൂഞ്ഞാർ ഭാഗത്തേക്ക് പോവുകയും തിരികെ പള്ളിമുറ്റത്ത് എത്തുകയും ചെയ്തു. ഇതിനിടെയിലാണ് വിദ്യാർത്ഥികൾ ചേർന്ന് വൈദികനെ ഇടിച്ച് വീഴ്‌ത്തിയത്. പിന്നാലെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു.















