തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ. എസ് സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കും. പിതാവ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാത്തതും വിഷയത്തിൽ തുടർന്ന മൗനവും ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. സിദ്ധാർത്ഥിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരത്തിലായിരുന്നു.
ഇന്നലെ ഇടതുമുന്നണി യോഗത്തിൽ ഉൾപ്പെടെ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ പോലും തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലാണ് ഇപ്പോൾ കേസ് സിബിഐയ്‌ക്ക് വിടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പോലീസിന്റെ അനാസ്ഥയെ തുടർന്ന് സിദ്ധാർത്ഥിന് നീതി കിട്ടണമെന്ന ആവശ്യവുമായി കുടുംബം നടത്തിയ പോരാട്ടമാണ് സിബിഐ അന്വേഷണത്തിലെത്തിച്ചത്.
ഡീനും അസിസ്റ്റന്റ് വാർഡനും കേസിലെ പ്രതികളാണ്. ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് ഇരുവരെയും സർവീസിൽ നിന്ന് പുറത്താക്കണം. സിദ്ധാർത്ഥിന്റെ കൂടെയുണ്ടായിരുന്നത് അക്ഷയിയാണ്. ഇയാൾ സാക്ഷിയല്ല, കേസിലെ പ്രതിയാണെന്നും രാവിലെ സിദ്ധാർത്ഥിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന ആരോപണവും നിലനിന്നിരുന്നു. പ്രതിഷേധവും സമ്മർദ്ദവും ശക്തമായതോടെയാണ് കേസിപ്പോൾ സിബിഐക്ക് കൈമാറിയിരിക്കുന്നത്.















