ചെന്നൈ: ശസ്ത്രക്രിയക്ക് പിന്നാലെ നടൻ അജിത് കുമാർ ആശുപത്രി വിട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെന്നും നടൻ ഇപ്പോൾ ആരോഗ്യവാനായി ഇരിക്കുന്നെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. അജിത് കുമാർ പൂർണ ആരോഗ്യവാനായിരിക്കുന്നു എന്നും നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു.
വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകണത്തിനിടെയാണ് അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ലൊക്കേഷനിൽ തിരിച്ചെത്തുമെന്നും മാനേജർ അറിയിച്ചു. വിടാമുയർച്ചിയുടെ അടുത്ത ഷെഡ്യൂളിൽ പങ്കെടുക്കാനായി ഈ മാസം തന്നെ അജിത് അസർബൈജാനിലേക്ക് പോകുമെന്നും വിവരമുണ്ട്.















