പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളി എന്ന പൊതുപ്രവർത്തകൻ എങ്ങനെ ഖുറേഷി അബ്രാം എന്ന അധോലോക നായകനായി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്.
എമ്പുരാന്റെ മൂന്നാമത്തെ ഷെഡ്യൂൾ പൂർത്തിയായെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ഉടൻ ചെന്നൈയിൽ ആരംഭിക്കും. ചെന്നൈയിലെ ചിത്രീകരണം പൂർത്തിയായ ശേഷമായിരിക്കും കേരളത്തിലെ ചിത്രീകരണം ആരംഭിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമാകും ഷൂട്ടിംഗ് നടക്കുക. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളും കേരളത്തിലായിരിക്കും. മോഹൻലാലിന്റെ ഇൻട്രോ സീൻ ഉൾപ്പടെ കേരളത്തിലായിരിക്കും ചിത്രീകരിക്കുക.
കഴിഞ്ഞ ഒക്ടോബറിലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ ഷെഡ്യൂൾ നടന്നത് ലഡാക്കിലായിരുന്നു. രണ്ടാം ഷെഡ്യൂൾ യുകെയിലും മൂന്നാം ഷെഡ്യൂൾ അമേരിക്കയിലുമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.















