അബുജ: നൈജീരിയയിൽ 300ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുണയിലെ സ്കൂളിൽ നിന്നാണ് തോക്കുധാരികളായ സംഘമെത്തി കുട്ടികളും ജീവനക്കാരും അടക്കമുള്ള മുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയത്. 2021ന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകൽ സംഭവമാണിത്.
കുരിഗ ഗ്രാമത്തിലെ ഗവൺമെന്റ് എജുക്കേഷൻ അതോറിറ്റി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ തോക്കുധാരികളായി എത്തിയ സംഘം സ്കൂളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
അതേസമയം തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ 28 കുട്ടികൾ രക്ഷപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൈജീരിയ സ്റ്റേറ്റ് ഗവർണറാണ് ഇക്കാര്യം അറിയിച്ചത്. കടുണയിലും സമീപത്തെ വനപ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുകയാണ്. 287 പേരെയാണ് ഇനി ലഭിക്കാനുള്ളത്.
എട്ടിനും 15നും ഇടയിൽ പ്രായമുള്ളവരെയാണ് സായുധ സംഘം കൊണ്ടുപോയത്. സംഘർഷത്തെ തുടർന്ന് 14 വയസുള്ള ഒരു കുട്ടിക്ക് വെടിയേറ്റിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രൈമറി സ്കൂളിൽ നിന്ന് നൂറോളം പേരും ശേഷിക്കുന്നവർ സെക്കൻഡറി സ്കൂളിൽ നിന്നുമാണ്.