ലക്നൗ : മതവിശ്വാസി അധികാരത്തിൽ വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്ന് ബറേലി അഡീഷണൽ സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തർപ്രദേശിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010ലെ കലാപവുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രി യോഗിയെ പ്രശംസിച്ചത് . ഈ കലാപങ്ങളിൽ മൗലാന തൗക്കീർ റാസ പ്രതിയാണ് . കേസിൽ മാർച്ച് 11ന് ഹാജരാകാനാണ് മൗലാനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ കുറ്റങ്ങളാണ് മൗലാനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
“ഒരു മതവിശ്വാസി സിംഹാസനത്തിൽ ഇരുന്നാൽ അത് നല്ല ഫലം നൽകുന്നു. മഹാനായ തത്ത്വചിന്തകനായ പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന പുസ്തകത്തിൽ ‘ഫിലോസഫർ കിംഗ്’ എന്ന ആശയത്തെ പറ്റി പറഞ്ഞിട്ടുണ്ട്. ഒരു തത്ത്വചിന്തകനായ രാജാവ് ഇല്ലെങ്കിൽ നമ്മുടെ നഗര-സംസ്ഥാനത്ത് കഷ്ടപ്പാടുകൾക്ക് അവസാനമുണ്ടാകില്ലെന്ന് പ്ലേറ്റോ പറഞ്ഞിരുന്നു “ രവികുമാർ ദിവാകർ വ്യക്തമാക്കി.
ജ്ഞാനവാപിയിൽ വീഡിയോഗ്രഫി അനുവദിച്ചതിനെ പറ്റിയും ജഡ്ജി ദിവാകർ പറഞ്ഞു. തന്റെ തീരുമാനം നിയമപ്രകാരമാണെന്നും എന്നാൽ താനും കുടുംബാംഗങ്ങളും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത വിധം ഭയത്തിന്റെ അന്തരീക്ഷമാണ് തനിക്കും തന്റെ കുടുംബത്തിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ എന്റെ കുടുംബത്തിലെ എല്ലാവരും പരസ്പരം സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നമ്മൾ പലതവണ ചിന്തിക്കണം. പ്രത്യേകിച്ച് എന്റെ അമ്മ എന്റെ സുരക്ഷയെക്കുറിച്ച് വളരെ ആശങ്കാകുലയാണ്.ജ്ഞാൻവാപിയുടെ കാര്യത്തിൽ താൻ തീരുമാനമെടുത്തത് മുതൽ തന്നെ ഒരു സമുദായത്തിലെ ആളുകളുടെ മനോഭാവം മാറിയെന്നും ‘ അദ്ദേഹം പറഞ്ഞു.