ന്യൂഡൽഹി: വമ്പൻ മുന്നേറ്റത്തിനൊരുങ്ങി വ്യോമയാന മേഖല. ഒറ്റ ദിവസം തന്നെ 10,000 കോടി രൂപയുടെ 15 പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുക. പുതിയ വിമാനത്താവളങ്ങൾ, പുതിയ ടെർമിനൽ, നവീകരിച്ച ടെർമിനലുകൾ, മറ്റ് അടിസ്താന സൗകര്യ വികസനം എന്നിങ്ങനെ വിവിധ പദ്ധതികളാണ് ഇന്ന് സമർപ്പിക്കുക.
ഇന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡൽഹി വിമാനത്താവളം, ലക്നൗ, പൂനെ എന്നിവിടങ്ങളിലെ പുതിയ ടെർമിനലുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നവയിൽ ബൃഹത് പദ്ധതികൾ. കോലാപൂർ, ഗ്വാളിയാർ, ബജൽപൂർ, അലിഗഢ്, ചിത്രകൂട്, മൊറാദാബാദ്, ശ്രാവസ്തി, അദംപൂർ എന്നിവിടങ്ങളിലും പുതിയ ടെർമിനലുകൾ യാഥാർത്ഥ്യമാക്കിയത്. കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 8,903 കോടി രൂപ ചെലവിലാണ് 12 ടെർമിനലുകൾ വികസിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങൾ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും. പ്രതിവർഷം 95 ലക്ഷം യാത്രക്കാരെ വഹിക്കാൻ സാധിക്കും.
ലോകത്തിൽ ഏറ്റവും വേഗതത്തിൽ വളരുന്ന വ്യോമായാന വിപണി ഇന്ത്യയുടേതാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ചെന്നൈ, പോർട്ട് ബ്ലെയർ, സൂററ്റ്, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളിൽ പുതിയ സംയോജിത ടെർമിനൽ കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കി. കാൺപൂർ, രാജ്‌കോട്ട്, തേസു, മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളം, അയോദ്ധ്യ ധാം എന്നിവിടങ്ങളിലും വ്യോമയാന മേഖലയിൽ വൻ കുതിപ്പുണ്ടായി. ദാതിയ, ഉദയ്പൂർ, ജോധ്പൂർ, രാജമുണ്ട്രി എന്നിവിടങ്ങളിൽ പുതിയ ടെർമിനൽ കെട്ടിടങ്ങൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.















