ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകളിൽ ക്ലർക്ക്, പ്യൂൺ ഉൾപ്പടെ തസ്തികകളുടെ പേര് മാറുന്നു. ക്ലർക്ക് ഇനി മുതൽ ‘കസ്റ്റമർ സർവീസ് അസോസിയേറ്റ്’ (CSA) എന്നും പ്യൂൺ ‘ഓഫീസ് അസിസ്റ്റന്റ്’ എന്നും അറിയപ്പെടും. ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട കരാറിലാണ് ഇക്കാര്യം തീരുമാനമായത്. പരിഷ്കരിച്ച പേരുകൾ ഇങ്ങനെ…
ഹെഡ് പ്യൂൺ- സ്പെഷ്യൽ ഓഫീസ് അസിസ്റ്റന്റ്
ഹെഡ് ക്യാഷർ- സീനിയർ കസ്റ്റമർ സർവീസ് അസോസിയേറ്റ്
ബിൽ കളക്ടർ- സീനിയർ ഓഫീസ് അസിസ്റ്റന്റ്
സ്വീപ്പർ- ഹൗസ് കീപ്പർ
ഇലക്ട്രീഷ്യൻ/എസി പ്ലാന്റ് ഹെൽപ്പർ- ഓഫീസ് അസിസ്റ്റന്റ് ടെക്
സ്പെഷ്യൽ അസിസ്റ്റന്റ്- സ്പെഷ്യൽ കസ്റ്റമർ സർവീസ് അസോസിയേറ്റ്
17 ശതമാനം വേതനവർദ്ധനയും പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള സ്കെയിലിന്റെ പരമാവധി എത്തി കഴിഞ്ഞ ശേഷം ജീവനക്കാരന് രണ്ട് വർഷത്തിലൊരിക്കൽ ലഭിക്കുന്ന സ്റ്റാഗ്നേഷൻ വർദ്ധന ഒൻപത് തവണയായിരുന്നത് 11 ആയി ഉയർത്തി. രണ്ട് വർഷത്തിലൊരിക്കൽ ക്ലറിക്കൽ ജീവനക്കാർക്ക് 2,680 രൂപയുടെ വർദ്ധന ലഭിക്കും. മുൻപ് ഇത് 1,990 രൂപയായിരുന്നു. സബ് സ്റ്റാഫിന് 1,345 രൂപയുടെ വർദ്ധന. മുൻപ് ഇത് 1000 രൂപയായിരുന്നു. നേത്ര പരിശോധനയ്‌ക്കായി ഇനി മുതൽ പ്രതിവർഷം 500 രൂപ. പ്രതിമാസം 18,000 രൂപ വരെ വരുമാനമുള്ളവരെ ജീവനക്കാരുടെ ആശ്രിതരായി പരിഗണിക്കും.