തിരുവനന്തപുരം: കേരള സർവകലാശാല യൂണിയനെതിരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി മാർ ഇവാനിയോസ് കോളേജ്. മത്സരങ്ങൾ അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിധികർത്താകളെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
മാർ ഇവാനിയോസ് കോളേജിന്റെ മത്സരങ്ങൾ അലങ്കോലപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻ നിർത്തി കലോത്സവം സുതാര്യമായി നടക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
കോഴ ആരോപണത്തെ തുടർന്ന് ഇന്നലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. മാർഗംകളിയിലെ വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് കലോത്സവ വേദിയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇവാനിയോസ് ഒന്നാം സ്ഥാനത്തും സ്വാതി തിരുനാൾ കോളേജ് രണ്ടാമതും യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാമതുമാണ്. ചരിത്രത്തിലില്ലാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി കലോത്സവ വേദിയിൽ അരങ്ങേറുന്നത്. ഇതോടെ രണ്ട് ദിവസമായി കലോത്സവം ഭാഗികകമായി മുടങ്ങിയിരിക്കുകയാണ്.