ഓരോ ഭാരതീയനും ആവേശത്തോടെ ഉറ്റുനോക്കുന്ന ബഹിരാകാശ ദൗത്യമാണ് ഗഗൻയാൻ. സസ്പെൻസ് സ്വഭാവമാണ് ദൗത്യത്തിന് ആദ്യം മുതലേ. യാത്രികരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതിലായിരുന്നു ആകാംക്ഷ നിലനിർത്തിയിരുന്നെങ്കിൽ പുതുതായി എല്ലാവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത് ദൗത്യസംഘത്തിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട ചർച്ചകളാണ്.
കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി യാത്രികരുടെ പേരുവിവരങ്ങളും അവരെയും ലോകത്തിന് പരിചയപ്പെടുത്തിയത്. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (എൻഐഎഫ്ടി)യിൽ നിന്നുള്ള സംഘം രൂപകൽപന ചെയ്ത നീല നിറത്തിലുള്ള യൂണിഫോമിലാണ് അന്ന് സംഘം പ്രത്യക്ഷപ്പെട്ടത്. ഇവർക്കായുള്ള ആസ്ട്രോണന്റ് വിംഗ് രൂപകൽപന ചെയ്തതും എൻഐഎഫ്ടി സംഘം തന്നെയാണ്. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ തരത്തിലാണ് സംഘത്തിനായുള്ള യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.
കോട്ടൺ തുണിയിലാണ് വസ്ത്രങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 70 വ്യത്യസ്ത ഡിസൈനുകളിൽ നിന്നാണ് നിലവിലുള്ള യൂണിഫോം തിരഞ്ഞെടുത്തത്. ആകാശത്തേയും സമാധാനത്തേയും സൂചിപ്പിക്കുന്ന നിറമാണ് നീല നിറം. ഊർജ്ജസ്വലത, സമാധാനം, സ്ഥിരോത്സാഹം തുടങ്ങിയവയെ അടയാളപ്പെടുത്തുന്ന നിറം കൂടിയാണിത്. നിറങ്ങളെ സന്തുലിതമാക്കാനാണ് കടുത്ത നീലയ്‌ക്കൊപ്പം ഇളം നിറത്തിലുള്ള നീല നിറവും തിരശ്ചീനമായ വരകളും നൽകിയെതന്ന് ഡിസൈനർ ടീമിനെ നയിച്ച പ്രൊഫ. ജോണലി ബാജ്പേയി പറഞ്ഞു.
ആസ്ട്രോണന്റ് വിംഗ്സിനൊപ്പം അശോക ചക്രവും ഇസ്രോ ലോഗോയും വസ്ത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. സോളാർ പാനലുകൾ തുറക്കുന്നതിനോട് സാമ്യത പുലർത്തുന്നവയാണ് വിംഗുകൾ. ശുഭാപ്തി വിശ്വാസവും സമൃദ്ധിയും സൂചിപ്പിക്കാൻ ഇതിന് സാധിക്കുന്നു. ഇന്ത്യൻ വ്യോമസേനയെയും ഇത് സൂചിപ്പിക്കുന്നു. ഇതിന്റെ മധ്യഭാഗത്തായാണ് അശോക ചക്രമുള്ളത്. ഇതുമായി കൂടിച്ചേർന്ന് ഇരിക്കും വിധത്തിൽ ഇസ്രോ ലോഗോയും നൽകിയിട്ടുണ്ടെന്നും ഭാജ്പായി പറഞ്ഞു.
ഗ്രൗണ്ട് യൂണിഫോമിന് ഒരു വശത്ത് ഇളം നീലയും മറുവശത്ത് കടും നീലയുമാണ് നൽകിയിരിക്കുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പകുതിപകുതി ആയിട്ടല്ല നിറങ്ങൾ വേർത്തിരിച്ചിരിക്കുന്നത്, മറിച്ച് ‘അസിമട്രിക്’ (തുല്യ അളവിൽ അല്ലാതെ വിഭജിക്കുക) ആയിട്ടാണ് യൂണിഫോം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഫാഷൻ ടെക്നോളജിസ്റ്റ് ഡോ. മോഹൻ വി.കെ പറഞ്ഞു. 140 കോടി ഭാരതീയരെ ആവേശഭരിതക്കമാക്കുന്ന യൂണിഫോമും രൂപകൽപനയുമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തെ അടയാളപ്പെടുത്താനും ഇന്ത്യയുടെ പ്രവേശനത്തെ കുറിച്ചിടാനും കഴിയും വിധത്തിലായിരിക്കണം യൂണിഫോം എന്ന നിർബന്ധമാണ് ഇത്തരം ആശയത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രശാന്ത് നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ നാല് ടെസ്റ്റ് പൈലറ്റുമാർ.















