കോഴിക്കോട്: നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നു വീണ് വിദ്യാർത്ഥി മരിച്ചു. കൊടുവള്ളി ആറങ്ങോട് സ്വദേശി മനോജിന്റെ മകൻ അഭിൻ ദേവ്(14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
കാർ പോർച്ചിന് മുകളിൽ കയറി വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുകളിലത്തെ നിലയിൽ നിന്നും സ്ലാബ് തകർന്ന് അഭിൻ ദേവിന്റെ ദേഹത്ത് വീഴുകയായിരുന്നു. സ്ലാബിനടിയിൽപ്പെട്ട കുട്ടിയെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിൻ ദേവ്.















