28 വർഷത്തിന് ശേഷമാണ് ലോകസുന്ദരി മത്സരം വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്കോവ കീരിടം സ്വന്തമാക്കി. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നാണ് മത്സരത്തിന് ശേഷം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റീന പറഞ്ഞത്.
മത്സരത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസമായി അവർ ഇന്ത്യയിലുണ്ട്. ഇതിന്റെ അനുഭവവും അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. ‘’ ഇന്ത്യ വളരെയധികം ഇഷ്ടപ്പെട്ടു. ഇവിടെയുള്ള എല്ലാവരും നല്ല സഹായമനസ്കതയുള്ളവരാണ്. സ്വന്തം വീട് എന്ന പ്രതീതിയാണ് തോന്നിയത്. സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അതെനിക്ക് സഹായകമായി. കൂടാതെ ഇന്ത്യയുടെ സംസ്കാരം ഏറെ നല്ലതാണ്. വൈവിധ്യമാർന്ന രാജ്യമാണിത്. ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്ന് പഠിക്കാനായി. വീണ്ടും ഇന്ത്യയിൽ വരാൻ ആഗ്രഹിക്കുന്നതായും” മിസ് വേള്‍ഡ് പറഞ്ഞു.
24 കാരിയായ ക്രിസ്റ്റീന നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിഗ്രി ചെയ്യുകയാണ്. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മോഡൽ കൂടിയയായ ഇവർ സ്വന്തം പേരിൽ ഫൗണ്ടേഷനും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് കീഴിൽ ടാൻസാനിയയിൽ പാവപ്പെട്ട കുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കിൽ ഫൗണ്ടേഷന് കീഴിൽ പ്രായമായവർക്കും മാനസിക വൈകല്യമുള്ളവർക്കുമായി സ്ഥാപനം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ലോകസുന്ദരി.















