ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 19 ഓളം പേർ മരിച്ചു. ഏഴ് പേരെ കാണാതായി. വെസ്റ്റ് സുമാത്ര പ്രവിശ്യയിലെ പെസിസിർ സെലാറ്റൻ ജില്ലയിലാണ് ശക്തമാന മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. വെള്ളിയാഴ്ച മുതലാണ് മഴ ആരംഭിച്ചത്.
ശക്തമായ മഴയെ തുടർന്ന് ശനിയാഴ്ചയാണ് ജില്ലയിൽ ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണസേനയും പ്രാദേശിക ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 80,000-ത്തിലധികം ആളുകളെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളിലും നഗരങ്ങളിലുമായി വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് 14 വീടുകൾ മണ്ണിനടിയിലായി. 20,000 വീടുകളിൽ വെള്ളം കയറി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നതായും അധികൃതർ അറിയിച്ചു.