യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ചത് നിർണായക പങ്കാണെന്ന് സിഎൻഎൻ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുടിനുമായുള്ള ബന്ധമാണ് ആണവ ആക്രമണത്തിൽ നിന്നും റഷ്യ പിന്തിരിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മറ്റ് രാജ്യങ്ങളുടെ ഇടപെടലിനൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്‌ളാഡിമിർ പുടിനെ സമീപിച്ചതും ആണവ ദുരന്തം ഒഴിവാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. യുക്രെയിനിന് മാരകമായ പ്രഹരമേൽപ്പിക്കാൻ റഷ്യ ആണവായുധങ്ങൾ ഉപയോഗിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം ഭയപ്പെട്ടിരുന്നതായും സിഎൻഎൻ റിപ്പോർട്ട് പറയുന്നു.
യുക്രെയ്നിൽ റഷ്യ ആണവ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാൻ അമേരിക്ക തയ്യാറെടുത്തിരുന്നതായും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളുടെ ശക്തമായ നിലപാടും ഒപ്പം നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടലുമാണ് റഷ്യയെ ഇതിൽ നിന്ന് പിന്നോട്ട് വലിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ആഗോളതലത്തിൽ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് തെളിയിക്കുന്നത്. യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നേരിട്ട് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ഇടപെടലും വിഷയത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. അതേസമയം സ്വന്തം താത്പര്യങ്ങളെ ബലികൊടുക്കാതെ തന്നെ ആഗോള പ്രതിസന്ധിയെ തരണം ചെയ്യാനും ഇന്ത്യക്കായി.