അസംഗഢ്: ഉത്തർപ്രദേശിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സംഭാവനകൾ ചെറുതല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏഴ് വർഷങ്ങൾക്ക് മുൻപ് വരെ കുറ്റകൃത്യങ്ങളുടേയും മാഫിയ പ്രവർത്തനങ്ങളുടേയും പേരിൽ കുപ്രസിദ്ധി നേടിയ അസംഗഢ് ഇന്ന് വികസനത്തിന്റെ പേരിൽ ശ്രദ്ധ നേടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസംഗഢിൽ മാത്രമായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി എത്തിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അസംഗഢിലെ മണ്ഡൂരി വിമാനത്താവളത്തിൽ 34,700 കോടി രൂപയുടെ 782 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അസംഗഢിന് മികച്ച സുരക്ഷാ അന്തരീക്ഷം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ” അടിസ്ഥാനസൗകര്യ വികസനത്തിൽ അസംഗഢ്, ലാൽഗഞ്ച്, ഘോസി മേഖലകൾ ഇന്ന് ബഹുദൂരം മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ നിരവധി ജനക്ഷേമ പദ്ധതികളും ഇവിടെ നടപ്പാക്കി. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങൾ ഒരിക്കലും മോദി സർക്കാരിനെ കൈവെടിയില്ല.
22,000 കോടി രൂപയിലധികം ചെലവഴിച്ചാണ് പൂർവാഞ്ചൽ എക്സ്പ്രസ് വേ നിർമ്മിച്ചത്. അസംഗഢിന്റെ വികസനത്തിൽ നിർണായക പങ്കാണ് ഇതിനുള്ളത്. കിഴക്കൻ ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ഇത് മാറ്റിമറിച്ചു. എക്‌സ്പ്രസ് വേ വന്നതോടെ ഇവിടുത്തെ ജനങ്ങൾക്ക് ലക്‌നൗവിൽ എത്താൻ വെറും രണ്ട് മണിക്കൂറിൽ താഴെ മാത്രം സമയം മതി. ഇപ്പോൾ ഉത്തർപ്രദേശിൽ അഞ്ച് പുതിയ വിമാനത്താവളങ്ങൾ കൂടി വരാനൊരുങ്ങുകയാണ്. ഇരട്ട എഞ്ചിൻ സർക്കാരാണ് ഈ സൗകര്യങ്ങളെല്ലാം ജനങ്ങൾക്കായി ഒരുക്കിയതെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.















