ചെന്നൈ : ഡിഎംകെയ്‌ക്ക് പണം നൽകിയിരുന്നതായി ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിന്റെ വെളിപ്പെടുത്തൽ . ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ പിടിയിലായ ജാഫർ സാദിഖ് ഇപ്പോൾ എൻസിബിയുടെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിലാണ് മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും പാർട്ടിക്കായി പണം നൽകിയെന്ന് ജാഫർ വെളിപ്പെടുത്തിയത് .
മന്ത്രി ഉദയനിധി സ്റ്റാലിനുമായി താൻ കൂടിക്കാഴ്ച നടത്തിയതായി ജാഫർ സാദിഖ് എൻസിബിയോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു . ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകിയതായി സാദിഖ് സമ്മതിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് ലക്ഷം രൂപ പ്രളയബാധിതർക്കുള്ളതാണ്. ഇതുകൂടാതെ രണ്ടുലക്ഷം രൂപയുടെ ഫണ്ട് ഡിഎംകെയ്‌ക്കായിരുന്നു.
സാദിഖിന്റെ ഈ വെളിപ്പെടുത്തലിന് ശേഷം അന്വേഷണ ഏജൻസി ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യാൻ വിളിച്ചേക്കുമെന്നാണ് സൂചനകൾ . ഉദയനിധിക്ക് നൽകിയ പണം മയക്കുമരുന്ന് കടത്തിൽ നിന്ന് സമ്പാദിച്ചതാണോയെന്നും അന്വേഷിക്കും. ഈ കേസിലെ പണമിടപാടുകൾ ഇഡി അന്വേഷിക്കാനും നീക്കമുണ്ട് .
ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ജാഫർ സാദിഖിന് ലഹരിക്കടത്തിൽ നിർണായക പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.