ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം ഇപ്പോൾ ‘മയക്കുമരുന്ന് വിപണന കഴകം’ ആയി മാറിയെന്ന് തമിഴ്നാട് ബിജെപി മഹിളാ മോര്‍ച്ച നേതാവ് വനതി ശ്രീനിവാസന്‍. അന്താരാഷ്‌ട്ര ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവായിരുന്ന ജാഫറുമായുള്ള ബന്ധം വിശദീകരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തയ്യാറാകണമെന്നും വനതി പറഞ്ഞു. അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് മുൻ നേതാവായിരുന്ന ഡിഎംകെ പ്രവർത്തകൻ ജാഫര്‍ സാദിഖ് അറസ്റ്റിലായതിന് പിന്നാലെയാണ് വനതി ശ്രീനിവാസൻ ഡിഎംകെക്ക് എതിരെ ആഞ്ഞടിച്ചത്.
2000 കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാ നിര്‍മാതാവ് കൂടിയായ ജാഫര്‍ സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഒരു സിനിമ എംകെ സ്റ്റാലിന്റെ മരുമകൾ സംവിധാനം ചെയ്തിരുന്നു. ഈ ബന്ധമൊക്കെ നിലനിൽക്കുന്നതിനാൽ ജാഫര്‍ സാദിഖും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമ്മിലുള്ള ബന്ധവും തുറന്ന് പറയണമെന്നാണ് മഹിളാ മോർച്ചയുടെ ആവശ്യം.
ജാഫറിന്റെ സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലും ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധവും കാണിക്കുന്നുണ്ട്. രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ജാഫര്‍ കുറ്റകൃത്യം ചെയ്തത്. പോലീസുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഡിജിപിയില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ചിത്രങ്ങളും ജാഫറിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാമെന്നും വനതി ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്‌ട്ര ലഹരിക്കടത്ത് കേസിൽ ശനിയാഴ്ചയാണ് ജാഫർ സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത്. ഡ്രഗ് സിന്‍ഡിക്കേറ്റിന്റെ തലവൻ കൂടിയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഇയാളുടെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. 45 പാഴ്‌സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിന്‍ ജാഫര്‍ ഓസ്‌ട്രേലിയയിലേക്ക് കടത്തിയത്. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇവ കടത്തിയത്. 2010ല്‍ ചെന്നൈ വെസ്റ്റില്‍ ഡിഎംകെയുടെ എന്‍ആര്‍ഐ വിങ്ങിന്റെ ഡെപ്യൂട്ടി ഓര്‍ഗനൈസറായാണ് രാഷ്‌ട്രീയരംഗത്തെത്തിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ നിന്ന് ഇയാളെ പുറത്താക്കിയത്.