ചിലപ്പോഴൊക്കെ ചില അസാധാരണമായ മെഡിക്കൽ കേസുകൾ പുറത്തുവരാറുണ്ട് . അത് ആളുകളെ മാത്രമല്ല ഡോക്ടർമാരെയും ഞെട്ടിക്കും. സാധാരണയായി, ഒരു പ്രാണി കടിക്കുമ്പോൾ അല്ലെങ്കിൽ ആളുകളുടെ ശരീരത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ അതിനെക്കുറിച്ച് അറിയാറുണ്ട് . എന്നാൽ വിയറ്റ്നാമിൽ ഉണ്ടായ സംഭവം ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു . തൊണ്ട വേദനയും , രക്തസ്രാവവുമായെത്തിയ 53 കാരന്റെ തൊണ്ടയ്‌ക്കുള്ളിൽ ഡോക്ടർമാർ കണ്ടെത്തിയത് രക്തമൂറ്റി കുടിയ്‌ക്കുന്ന അട്ടകളെയാണ്.
ശ്വാസംമുട്ടലും തൊണ്ടവേദനയും ശബ്ദത്തിലുണ്ടായ വ്യതിയാനവുമാണ് രോഗിയിൽ ആദ്യം ഉണ്ടായ ലക്ഷണങ്ങൾ . എന്നാൽ അത് നേരിയ ജലദോഷമാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. പക്ഷേ രക്തസ്രാവം ഉണ്ടായതോടെ കാര്യം താൻ വിചാരിച്ച പോലെയല്ലെന്ന് മനസ്സിലായി. തുടർന്ന് ഹനോയിയിലെ നാഷണൽ ഹോസ്പിറ്റൽ ഓഫ് എൻഡോക്രൈനോളജിയിൽ എത്തി. എൻഡോസ്കോപ്പി നടത്തിയപ്പോൾ , 6 സെൻ്റീമീറ്റർ നീളമുള്ള അട്ട തൊണ്ടയിൽ ഉള്ളതായി കണ്ടെത്തി ശ്വാസനാളത്തിനടുത്തുള്ള ഗ്ലോട്ടിസിന് താഴെയായിരുന്നു അത്. തുടർന്ന് ഡോക്ടർമാർ ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും , തൊണ്ടയിൽ നിന്ന് അട്ടയെ നീക്കം ചെയ്യുകയും ചെയ്തു.
ഒരു മാസം മുമ്പ്, എലിക്കെണി കൈകാര്യം ചെയ്യുന്നതിനിടയിൽ കൈക്ക് പരിക്കേറ്റതായും , അതിൽ പുരട്ടാനായി കുറച്ച് ഔഷധ സസ്യങ്ങൾ എടുത്ത് ചവച്ചുവെന്നും ഇയാൾ ഡോക്ടർമാരോട് പറഞ്ഞു . ഈ ഇലകളിൽ അട്ടകൾ ഉണ്ടായിരിക്കാമെന്നും , അത് വായിൽ കയറി പ്രശ്‌നമുണ്ടാക്കിയതാകാമെന്നും ഡോക്ടർമാർ പറഞ്ഞു.















