തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ. നെറ്റിയിൽ ചന്ദനം ചാർത്തുന്നതിന് വരെ പ്രശ്നമായിരുന്നുവെന്നും വർഗീയവാദിയായി ചാപ്പ കുത്തിയെന്നും അവർ വീണ്ടും ആവർത്തിച്ചു.അച്ഛൻ നെറ്റിയിൽ കുറിയിട്ട് നടന്നിട്ടില്ലല്ലോ പിന്നെ എന്തിനാണ് മകൾക്ക് മാത്രം അത്തരം ശീലങ്ങളെന്നും പലരും ചോദിച്ചുവെന്നും പദ്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പദ്മജയെ വിമർശിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയും അവർ വിമർശിച്ചു. ഇപ്പോ പൊട്ടിമുളച്ചതാണ് യൂത്ത് കോൺഗ്രസുകാർ. ചാനലിലിരുന്ന് നേതാക്കളായവരാണ് അവർ. എന്നെ വിമർശിക്കുന്നുണ്ടെങ്കിൽ എനിക്ക് അവരോട് പുച്ഛം മാത്രമാണുള്ളത്. സീറ്റിന് വേണ്ടിയാണ്, രാജാവിനേക്കാൾ രാജഭക്തി രാഹുൽ മാങ്കൂട്ടത്തിൽ കാണിക്കുന്നതെന്നും അവർ പറഞ്ഞു.
പ്രിയങ്കയ്‌ക്കൊപ്പം വാഹനത്തിൽ പോകുന്നതിനായി 22.5 ലക്ഷം രൂപ വാങ്ങിയെന്നും പദ്മജ വെളിപ്പെടുത്തി. ഡിസിസി പ്രസിഡന്റായിരുന്ന എം.പി. വിൻസന്റാണ് തുക വാങ്ങിയതെന്നും അവർ പറഞ്ഞു. കെപിസിസി നൽകിയിട്ടുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ എന്നാൽ ചേച്ചിയുടെ കാര്യം നോക്കാൻ പറഞ്ഞ് മടങ്ങി. പിന്നാലെ പണം നൽകിയെങ്കിലും വാഹനത്തിൽ കയറ്റിയില്ലെന്നും പദ്മജ പറഞ്ഞു. ഇതുവരെ ഒരു പാർട്ടിയിൽ മാത്രമാണ് നിലനിന്നിരുന്നതെന്നും സഹിക്കെട്ടാണ് ഓടിപ്പോയതെന്നും അവർ കൂട്ടിച്ചേർത്തു.















