ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) സുപ്രധാന സൂചനകൾ ലഭിച്ചു. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം പുറത്ത് വന്നതൊടെ ഇയാളെ തേടി വിവിധ സ്ഥലങ്ങളിൽ എൻഐഎ സംഘം
പരിശോധന നടത്തുകയാണ്. പ്രതിയുടെ ചില കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് സൂചന.
പ്രതിയുടെ തൊപ്പി ധരിക്കാതെയുള്ള ചിത്രങ്ങൾ എൻഐഎ പുറത്തുവിട്ടിരുന്നു. സ്‌ഫോടനം നടന്ന ദിവസം വൈകുന്നേരത്തോടെ ബെല്ലാരി ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്. അവിടെ നിന്ന് ഒരു ഓട്ടോ വാടകയ്‌ക്ക് എടുത്താണ് ഇയാൾ നഗരത്തിലേക്ക് പോയത്. കൂടാതെ രണ്ട് പേരുമായി ഇയാൾ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവർ രണ്ടുപേരും കലബുറഗി സ്വദേശികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. KA 32 F 1885 നമ്പർ ബസിലാണ് ഇരുവരും ബെല്ലാരിയിൽ നിന്ന് കലബുറഗിയിലേക്ക് യാത്ര ചെയ്തത്. അതിലൊരാൾ കലബുറഗിയിലെ രാം മന്ദിർ സർക്കിളിൽ ഇറങ്ങിയിരുന്നു. നിലവിൽ കലബുറഗിയിലുള്ള എൻഐഎ സംഘം ബസ് സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവികൾ പരിശോധിച്ചുവരികയാണ്.
കലബുറഗിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബിദർ ജില്ലയിലെ ഹുമ്നാബാദ് കേന്ദ്രീകരിച്ചും എൻഐഎ സംഘം തിരച്ചിൽ നടത്തുന്നുണ്ട്. തെലങ്കാന അതിർത്തിയാണ് ഈ പ്രദേശം. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുടെ തെലങ്കാന മൊഡ്യൂളിലെ അംഗമായ അബ്ദുൾ സലീമിനെ ഇവിടെ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്‌ഫോടനത്തിന്റെ രണ്ടാം ദിവസമായിരുന്നു അറസ്റ്റ്. ഇയാൾക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് എൻഐഎ സംഘത്തിന് ലഭിച്ച വിവരം.