കണ്ണൂർ: ഷമ മുഹമ്മദ് കോൺഗ്രസിന്‍റെ ആരുമല്ലെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾക്ക് മറുപടിയുമായി എഐസിസി വക്താവ്. സമൂഹമാദ്ധ്യമ അക്കൗണ്ടിൽ മൈ ഐഡി എന്ന അടിക്കുറിപ്പോടു കൂടിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷമ മുഹമ്മദ്, സുധാകരന് മറുപടി നൽകിയത്. ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തചിത്രമാണ് ഷമ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
‘കെപിസിസി പ്രസിഡന്റ് അറിയാത്ത വക്താവ്. ഇതുവരെ വരച്ച വരയെല്ലാം വെള്ളത്തിൽ ആയിപോയല്ലോ…, ഇങ്ങനെ നാണംകെട്ട് അവിടെ നിൽക്കുന്നതിൽ നിങ്ങൾക്ക് ഒരു നാണവും തോന്നുന്നില്ലേ…’ എന്നിങ്ങനെയുള്ള കമന്റുകളാണ് ഷമയുടെ പോസ്റ്റിന് വരുന്നത്.
സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി ഷമ തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇവർ പാർട്ടിയുടെ ആരുമല്ലെന്ന് സുധാകരൻ പറഞ്ഞത്. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതിയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്‍റെ വക്താവ് എന്ന പേരിൽ പങ്കെടുക്കുന്ന വ്യക്തിയാണ് ഷമ മുഹമ്മദ്.
വനിതകൾക്കും, ന്യൂനപക്ഷങ്ങൾക്കും സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന വിമർശവുമായാണ് ഷമാ മുഹമ്മദ് രംഗത്ത് വന്നത്. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അത് പാലിക്കപ്പെട്ടില്ല. വടകരയില്‍ തന്നെ പരിഗണിക്കാത്തതിലെ അതൃപ്തിയും അവർ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്നും എപ്പോഴും തോല്‍ക്കുന്ന സീറ്റാണ് നല്‍കുന്നതെന്നും നൽകുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞു .കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. സംവരണ സീറ്റായതു കൊണ്ടാണ് ആലത്തൂർ രമ്യ ഹരിദാസിന് ലഭിച്ചതെന്നും അല്ലെങ്കിൽ തഴയുമായിരുന്നുവെന്നുമാണ് ഷമ മുഹമ്മദ് പറഞ്ഞത്.















