തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം താത്കാലികമായി നിർത്തിവച്ചതിനെ സ്വാഗതം ചെയ്ത് എബിവിപി. കേരളത്തിലെ എസ്എഫ്ഐ ആധിപത്യമുള്ള എല്ലാ കാമ്പസുകളും കലോത്സവ വേദികളും അക്രമത്തിന്റെയും ലഹരിയുടെയും കേന്ദ്രങ്ങളായി മാറുകയാണെന്നും എബിവിപി പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഒരു വിദ്യാർത്ഥി പ്രസ്ഥാനം എന്നുള്ള നിലയ്‌ക്ക് കാമ്പസുകളിൽ അക്രമണം അഴിച്ചു വിടുകയാണ് എസ്എഫ്ഐ. മറ്റൊരു വിദ്യാർത്ഥി സംഘടനയിലെ വിദ്യാർത്ഥികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ അനുവദിക്കാതെ ശാരീരികമായും മാനസികമായും വിദ്യാർത്ഥികളെ ഉപദ്രവിച്ചുകൊണ്ട് അക്രമപരമയാണ് എസ്എഫ്ഐ കലോത്സവ വേദികളും കാമ്പസുകളും നിലനിർത്തി കൊണ്ടുപോകുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വളർച്ചയ്‌ക്കായി നടക്കുന്ന കലോത്സവ വേദികൾ പോലും ഇത്തരത്തിൽ എസ്എഫ്ഐ അവരുടെ അക്രമണം അഴിച്ചുവിടാൻ ഉള്ള വേദിയാക്കി മാറ്റുകയാണെന്നും എബിവിപി വ്യക്തമാക്കി.
വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ കേരള സർവകലാശാല കലോത്സവം നിർത്തി വയ്‌ക്കാൻ വൈസ് ചാൻസലർ ഇന്ന് ഉച്ചക്കാണ് നിർദ്ദേശം നൽകിയത്. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവുമുണ്ടാകില്ലെന്ന് വിസിയായ മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകി. മാർഗം കളി, തിരുവാതിരക്കളി തുടങ്ങിയ മത്സരങ്ങളുടെ പേരിൽ സർവകലാശാലയ്‌ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇവയുടെ മത്സരഫലങ്ങളെ തുടർന്ന് സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് മത്സരങ്ങൾ നിർത്തി വയ്‌ക്കാൻ തീരുമാനമായത്.