തിരുവനന്തപുരം: തപാലയക്കാൻ പണം മുൻകൂറായി കൈപ്പറ്റിയിട്ടും ലൈസൻസും ആർ.സിയും നേരിട്ട് വാങ്ങേണ്ട അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തി വാങ്ങണമെന്ന ഉത്തരവിറക്കാനാണ് മോട്ടോർ വാഹന വകുപ്പ് നീക്കം നടത്തുന്നുണ്ട്. മറ്റു ജില്ലകളിൽ വാഹനം രജിസ്റ്റർ ചെയ്തവർക്ക് ആ ജില്ലകളിലേക്ക് പോകേണ്ടിവരും. പുതിയ നിർദ്ദേശം നടപ്പിലാക്കാനുള്ള ഉത്തരവ് ഉടനെ പുറത്തിറക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
അവരവരുടെ വിലാസത്തിലയക്കാൻ 45 രൂപയാണ് വാങ്ങിയിരുന്നത്. നിലവിൽ 3.80 ലക്ഷം ലൈസൻസും 3.50 ലക്ഷം ആർസിയും വിതരണം ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നേകാൽ കോടി രൂപയാണ് ഈ ഇനത്തിൽ മാത്രം സർക്കാർ ജനങ്ങളുടെ പക്കൽ നിന്ന് വാങ്ങിയത്. ആർ.സിയും ലൈസൻസുകളും കെ.എസ്.ആർ.ടി.സി കൊറിയർ വഴി റീജണൽ ഓഫീസുകളിൽ എത്തിച്ച ശേഷം അവിടെ നിന്ന് നേരിട്ട് വിതരണം ചെയ്യാനാണ് നീക്കം. അതേസമയം പുതിയ അപേക്ഷകരിൽ നിന്നും തപാൽ നിരക്ക് അധികൃതർ കൈപ്പറ്റുന്നുണ്ട്.