ദിവസവും 10 മുൽ 12 മണിക്കൂർ വരെ തൊഴിൽ.. മാസവരുമാനം 60,000 മുതൽ 75,000 വരെ ജോലി എന്തെന്ന് കേട്ടാൽ ആശ്ചര്യം തോന്നുന്നത് സ്വാഭാവികം. രാജ്യത്തെ ഏറ്റവും ധനികനായ യാചകന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് റെയിൽവെ ടെർമിനലിലാണ് ഭാരത് ജെയിനിന്റെ പ്രവർത്തന മേഖല. ആഴ്ചയിൽ ഏഴുദിവസവും ജോലി ചെയ്യുന്ന ഭാരത്തിന് ഏഴര കോടിയുടെ ആസ്തിയുണ്ട്. പരേലിലെ 1.2കോടിയുടെ ഫ്ളാറ്റിലാണ് കുടുംബത്തോടൊപ്പം താമസം. ഭാര്യയും രണ്ടുമക്കളും സഹോദരനും പിതാവുമടക്കമുള്ളതാണ് ഭാരതിന്റെ കുടുംബം.
അവധിയൊന്നുമെടുക്കാതെ ജോലി ചെയ്യുന്ന ഇയാൾക്ക് ദിവസം 2,000 മുതൽ 2,500 രൂപ വരെയാണ് വരുമാനം. കോൺവെന്റ് സ്കൂളുകളിലാണ് മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇവിടെ വൻ തുകയാണ് ഫീസ്. താനെയിലെ രണ്ടു കടകളുടെ വാടകയിനത്തിൽ മാസം 30,000 രൂപയും വരുമാനമുണ്ട്. ലഭിക്കുന്ന തുകയിൽ ഒരു പങ്ക് ക്ഷേത്രങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും നൽകാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
മക്കൾ വളർന്നതോടെ ഈ തൊഴിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ജീവിത രീതി മാറ്റാൻ സാധിക്കുന്നില്ലെന്നാണ് ഭാരത്തിന്റെ പക്ഷം. പണത്തിനോട് ആർത്തിയില്ലെങ്കിലും ശീലം ഉപക്ഷേിക്കാനാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇദ്ദേഹത്തെ പോലെ നിരവധി ധനികരായ യാചകർ ഇന്ത്യയിൽ വേറെയുമുണ്ട്. 55-കാരനായ ജെയിൻ 40 വർഷമായി ഭീക്ഷാടനം നടത്തുന്നുണ്ട്. കൗമാരത്തിലാണ് അദ്ദേഹം ഇതിലേക്ക് തിരിയുന്നത്.















