അമരാവതി (ആന്ധ്രാ പ്രദേശ്) : ക്ഷേത്ര പുനർനിർമ്മാണത്തിനായി ജെ സി ബി ഉപയോഗിച്ച് ശ്രീകോവിലിന്റെ അടിത്തറ കുഴിച്ചപ്പോൾ പഞ്ചലോഹ വിഗ്രഹങ്ങൾ ഉയർന്നു വന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പലമനേരുവിന് സമീപത്തെ കൂർമായി ഗ്രാമത്തിലെ കൂർമ്മ വരദരാജ സ്വാമി ക്ഷേത്രത്തിന്റെ ഭൂഗർഭത്തിൽ നിന്നാണ് പുരാതനമായ പഞ്ചലോഹ വിഗ്രഹങ്ങൾ ഉയർന്നു വന്നത്. കാഞ്ചീപുരം ആസ്ഥാനമാക്കി ഒൻപതാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യ ഭരിച്ച പല്ലവർ പണികഴിപ്പിച്ച ക്ഷേത്രമാണിത്.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം
ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനത്തിനിടെയാണ് ഞായറാഴ്ച പഞ്ചലോഹ വിഗ്രഹങ്ങൾ കണ്ടെത്തിയത്. ശ്രീകോവിലിന്റെ അടിത്തറ ഇളക്കിയപ്പോൾ ആദ്യം ഒരു വിഗ്രഹത്തിന്റെ തല കണ്ടെത്തി. പിന്നീട് ശ്രദ്ധാപൂർവം മണ്ണ് നീക്കിയപ്പോൾ രണ്ടര അടി ഉയരമുള്ള ശംഖ്, ചക്രധാരിയായ മഹാവിഷ്ണു വിഗ്രഹം കണ്ടെത്തുകയായിരുന്നു. അതിനു ശേഷം കണ്ടെത്തിയ മറ്റു രണ്ടു വിഗ്രഹങ്ങൾ ശ്രീദേവി, ഭൂദേവി എന്നീ ദേവതമാരുടേതാണെന്ന് ക്ഷേത്ര പൂജാരി സ്ഥിരീകരിച്ചിട്ടുണ്ട്. വിഗ്രഹങ്ങൾ കൂടാതെ പൂജകൾക്ക് ഉപയോഗിക്കുന്ന ലോഹവസ്തുക്കളും പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഇവയ്‌ക്ക് കോടിക്കണക്കിന് രൂപയുടെ മൂല്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഖനനം നടത്തിയപ്പോഴാണ് ഈ പുരാതന പഞ്ചലോഹ വിഗ്രഹങ്ങൾ കണ്ടെത്തിയത്. വിഗ്രഹങ്ങളുടെ കാലപ്പഴക്കം കണ്ടെത്താൻ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.
മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാരത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പലമനേരുവിനടുത്തുള്ള കുർമായി എന്ന ഗ്രാമത്തിലുള്ള കൂർമ്മ വരദരാജ സ്വാമി ക്ഷേത്രം. ചരിത്രകാരന്മാരുടെ അഭിപ്രായവും ലഭ്യമായ ലിഖിതങ്ങളുമനുസരിച്ച്, ഈ ക്ഷേത്രം കൗണ്ഡ്യ നദിയുടെ തീരത്താണ് നിർമ്മിച്ചത്. കാഞ്ചീപുരത്തെ വരദരാജ പെരുമാൾ ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് ഐതീഹ്യപരമായ ബന്ധമുണ്ട്.
പതിമൂന്നാം നൂറ്റാണ്ടിൽ ദൽഹി സുൽത്താനേറ്റിന്റെ ഉദയമുണ്ടാവുകയും ഖിൽജി വംശത്തിന്റെ ഭരണം മുതൽ അവർ ദക്ഷിണേന്ത്യയിലേക്ക് നിരന്തരം പടയോട്ടങ്ങൾ നടത്തുകയും ചെയ്തു. പിന്നാലെ വന്ന തുഗ്ലക്ക് വംശവും ഈ ആക്രമണം തുടർന്നു. കുർമായി ഗ്രാമം സ്ഥിതി ചെയ്യുന്ന രായലസീമ പ്രദേശം പതിനാറാം നൂറ്റാണ്ടിൽ പോലും മുസ്‌ലിം ഭരണാധികാരികളുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. ഇങ്ങിനെ മുഹമ്മദീയരുടെ തുടരെയുള്ള ആക്രമണത്തിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാൻ അന്നത്തെ ഗ്രാമവാസികൾ കൂർമ്മ വരദരാജ സ്വാമിയുടെ ക്ഷേത്രം മണ്ണിട്ട് മൂടിയിരുന്നതായി രേഖകളുണ്ട്. ക്ഷേത്രം ഒരു വലിയ മൺകൂനയായി മാറി. നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്ത ആ കാലത്തിനു ശേഷം ക്ഷേത്രം എവിടെയെന്നു പോലെയും അറിയാത്ത സാഹചര്യം ഉണ്ടായിരുന്നു.
ആ കാലത്ത് ശ്രീ വരദരാജ സ്വാമി, ക്ഷേത്രം വിട്ട് കാഞ്ചീപുരത്തേക്ക് (കാഞ്ചി) പോയി എന്ന് വിശ്വസിക്കപ്പെടുന്നു, അവിടെ നിന്ന് പുറപ്പെടുമ്പോൾ കോധേവരബണ്ട എന്ന കല്ലിൽ കാൽപ്പാടുകൾ പതിപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു .
ഏതാണ്ട് 150 വര്ഷം മുൻപ് കർണാടകയിലെ നങ്ങിലിക്കടുത്തുള്ള കരിഡിഗാനിപള്ളിയിൽ നിന്നുള്ള ചെങ്കറെഡ്ഡി എന്ന കർഷകൻ ഇവിടെയെത്തി കൃഷിക്കായി നിലമൊരുക്കിയപ്പോൾ ക്ഷേത്രത്തിന്റെ മുകൾഭാഗം മണ്ണിനടിയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രചാരത്തിലുള്ള കഥ. അതിനു ശേഷം രൂപകല്പന ചെയ്തതാണ് ഇന്ന് കാണുന്ന കൂർമ്മ വരദരാജ പെരുമാൾ വിഗ്രഹം.
ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് അപേക്ഷ നൽകിയതിന്റെ ഫലമായി സംസ്ഥാന ദേവസ്വം വകുപ്പ് കഴിഞ്ഞ വർഷം 1.25 കോടി രൂപ അനുവദിച്ചു. ഇതിനെ തുടർന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ക്ഷേത്രം പൊളിക്കാൻ തുടങ്ങിയത്. കൂർമ്മ വരദരാജസ്വാമിയുടെ നിലവിലെ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് ഭൂമിക്കടിയിൽ നിന്നും ലഭിച്ച വിഗ്രഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. പഴയ വിഗ്രഹം ലഭിച്ച കാര്യം അറിഞ്ഞതോടെ വിഗ്രഹങ്ങൾ ദർശിക്കാൻ സമീപ ഗ്രാമങ്ങളിലെ ഭക്തർ കൂട്ടത്തോടെ ഈ പ്രദേശത്തേക്ക് എത്തുന്നുണ്ട്.
ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
പല്ലവർ കുഴിച്ച തടാകം എന്നർത്ഥം വരുന്ന “പല്ലവൻ യേരി” എന്നതിൽ നിന്നാണ് “പലമനേർ”അഥവാ പലമനേരു എന്ന പേര് ഉത്ഭവിച്ചത്. തമിഴിൽ “യേരി”എന്നാൽ തടാകം എന്നാണ് അർത്ഥം .
ആന്ധ്രാപ്രദേശിന്റെയും കർണാടകയുടെയും അതിർത്തിയിലാണ് പലമനേർ, ചെന്നൈയിൽ നിന്ന് 192 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് 136 കിലോമീറ്ററും തിരുപ്പതിയിൽ നിന്ന് 108 കിലോമീറ്ററും ദൂരമുണ്ട്.
Photo Courtesy : Kurma Varadaraja Swamy Temple Facebook Page