ചെന്നൈ: തമിഴ് നടൻ ശരത് കുമാറിന്റെ പാർട്ടിയായ അഖിലേന്ത്യ സമത്വമക്കൾ കക്ഷി ബിജെപിയിൽ ലയിച്ചു. ബിജെപിയുമായി കൈകോർന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാൽ ബിജെപിയിൽ ലയിക്കുന്നുവെന്ന ശരത് കുമാറിന്റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടന്നത്. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ, ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അഖിലേന്ത്യ സമത്വമക്കൾ കക്ഷി ബിജെപിയിൽ ലയിച്ചത്. ശരത് കുമാറിനെയും പാർട്ടി അണികളെയും സ്വാഗതം ചെയ്തുകൊണ്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ എക്‌സിൽ പോസ്റ്റ് പങ്കുവച്ചു.
” ശരത് കുമാറിന്റെ പാർട്ടിയായ സമത്വമക്കൾ കക്ഷി പാർട്ടി ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തെ തമിഴ്‌നാട് ബിജെപിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ശരത് കുമാറിന്റെ ഈ തീരുമാനം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കാൻ ബിജെപിക്ക് ഊർജ്ജം പകരുന്നു.”- അണ്ണാമലൈ കുറിച്ചു.
மாண்புமிகு பாரதப் பிரதமர் திரு @narendramodi அவர்களின் தலைமைத்துவதால் ஈர்க்கப்பட்ட சிறந்த தேசியவாதியான திரு @realsarathkumar அவர்கள், இன்று, @BJP4Tamilnadu மூத்த தலைவர்கள் & பாராளுமன்ற தேர்தல் பொறுப்பாளர் திரு @MenonArvindBJP அவர்கள் முன்னிலையில் அனைத்திந்திய சமத்துவ மக்கள்… pic.twitter.com/bQ3dKQ5puj
— K.Annamalai (மோடியின் குடும்பம்) (@annamalai_k) March 12, 2024
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും രംഗത്തെത്തണമെന്നും അതിനാൽ താനും തന്റെ പാർട്ടിയും ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ശരത് കുമാർ പറഞ്ഞു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ശരത്കുമാർ വ്യക്തമാക്കിയിരുന്നു.















