ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ജെപിപിയുമായുള്ള തർക്കത്തെ തുടർന്നാണ് മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭാംഗവുമായ നായബ് സിംഗ് സൈനിയോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയോടെ നായബ് സിംഗ് സൈനി രാജ്ഭവനിലെത്തി ഗവർണറെ കാണുകയായിരുന്നു. മനോഹർലാൽ ഖട്ടർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, കേന്ദ്രമന്ത്രി അർജുൻ മുണ്ടെ, ബിജെപി നേതാവ് ബിപ്ലവ് കുമാർ ദേബ് എന്നിവർക്കൊപ്പമെത്തിയാണ് സൈനി ഗവർണറെ കണ്ടത്.
സ്വതന്ത്രരും ജെപിപി എംഎൽഎമാരും അടക്കം കേവലഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ ബിജെപി പക്ഷത്തുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി വിലക്ക് മറികടന്ന് നാല് ജെജെപി എംഎൽഎമാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
90 അംഗ ഹരിയാന നിയമസഭയിൽ 41 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 10 അംഗങ്ങളുള്ള ജെപിപിയുമായി ചേർന്ന് 2019 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെപിപി അധിക സീറ്റ് ആവശ്യപ്പെട്ടത് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിളളൽ വീഴ്ത്തി. പിന്നാലെ ബിജെപി മുന്നണി ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.