പോർട്ട് ലൂയിസ്: ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള കുതിപ്പിലാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സമസ്ത മേഖലകളിലും ഭാരതത്തിന്റെ മുന്നേറ്റം ഇതിന് തെളിവാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മൗറീഷ്യസിൽ സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി, പോർട്ട് ലൂയിസിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നത്തെ ഭാരതം എല്ലാ മേഖലകളിലും കുതിച്ചയർന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ആഗോള സമ്പദ് വ്യവസ്ഥയിലൊന്നായി മാറാനുള്ള പാതയിലാണ് രാജ്യമെന്നും ദ്രൗപദി മുർമു ചൂണ്ടിക്കാട്ടി.ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി ബന്ധത്തേയും രാഷ്‌ട്രപതി പ്രശംസിച്ചു. ” മൗറീഷ്യസിലെ യുവാക്കൾക്ക് മുന്നിൽ ഇന്ന് ധാരാളം തൊഴിലുകളും അവസരങ്ങളും തുറന്ന് കിടക്കുകയാണ്. ഒസിഐ കാർഡ് യോഗ്യത പുതിയ തലമുറയിലുള്ള ഇന്ത്യൻ വംശജർക്ക് കൂടി നീട്ടിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ത്യയും മൗറീഷ്യസും എല്ലാ കാലത്തും പരസ്പര സഹകരണത്തോടെ മാത്രം പ്രവർത്തിച്ച് വരുന്ന രാജ്യങ്ങളാണെന്നും” രാഷ്‌ട്രപതി വ്യക്തമാക്കി.
56ാമത് മൗറീഷ്യസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് ദ്രൗപദി മുർമു മൗറീഷ്യസിൽ എത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മൗറീഷ്യസിലെത്തിയ രാഷ്‌ട്രപതി നിരവധി ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മൗറീഷ്യസിലെ ഏഴാം തലമുറയിലുള്ള ഇന്ത്യൻ വംശജർക്ക് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ് അനുവദിക്കാനുള്ള വ്യവസ്ഥയ്‌ക്ക് ഇന്ത്യ അംഗീകാരം നൽകിയതായി ദ്രൗപദി മുർമു നേരത്തെ അറിയിച്ചിരുന്നു.