രാജ്യത്തെ മുസ്ലീം വിഭാ​ഗം എന്നും സുരക്ഷിതർ; നടക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ മാത്രം: കേന്ദ്രം

Published by
Janam Web Desk

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീം വിഭാഗത്തെ ബാധിക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് കേന്ദ്രസർക്കാർ. സിഎഎ മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ചോദ്യോത്തര രൂപത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്.

* രാജ്യത്തെ മുസ്ലീങ്ങളെ സിഎഎ എങ്ങനെ ബാധിക്കും?

രാജ്യത്ത് ഹിന്ദുക്കളെ പോലെ തുല്യ അവകാശമുള്ളവരാണ് 18 കോടി വരുന്ന മുസ്ലീം ജനതയും. ഇവരുടെ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഈ നിയമത്തിൽ ഇല്ല. സിഎഎ നടപ്പാക്കുന്നതിന്റെ പേരിൽ ഒരു ഇന്ത്യൻ പൗരനോട് പോലും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടില്ല. .

* ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ ഈ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമോ?

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതവിവേചനം നേരിട്ട സിഖ്, ജൈന, പാഴ്‌സി, ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ വിഭാഗക്കാർക്കാണ് സിഎഎ നിയമപ്രകാരം പൗരത്വം നൽകുന്നത്. ഇവർ 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർ ആയിരിക്കണം. കുടിയേറ്റക്കാരെ തിരിച്ചയക്കാനായി ഈ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യക്ക് കരാറില്ല. കുടിയേറ്റക്കാരെ സ്വദേശത്തേക്ക് നാടുകടത്താനുള്ള വ്യവസ്ഥകൾ സിഎഎയിലില്ല. അതുകൊണ്ട് തന്നെ സിഎഎ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ല.

* ആരാണ് അനധികൃത കുടിയേറ്റക്കാർ?

1955 ലെ പൗരത്വ നിയമത്തിലുള്ളതു പോലെ, മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ച വിദേശിയാണ് സിഎഎ പ്രകാരവും അനധികൃത കുടിയേറ്റക്കാർ.

* സിഎഎ ഇസ്ലാമിന്റെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കും?

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്താൻ കാരണമായി. അതേസമയം, സമാധാനത്തിന്റെ മതമായ ഇസ്ലാം ഒരിക്കലും അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. സിഎഎ എന്നത് വിവേചനം അനുഭവിച്ചവരോട് കരുണ കാണിക്കുന്നതിനുള്ള ഉപാധിയാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങളുടെ പേരിൽ ലോകത്തിന് മുന്നിൽ ഇസ്ലാമിന്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

* ഇന്ത്യൻ പൗരത്വം നേടുന്നതിൽ നിന്ന് മുസ്ലീങ്ങളെ വിലക്കുന്നുണ്ടോ?

ഇല്ല. ഇന്ത്യൻ പൗരത്വ നിയമത്തിന്റെ സെക്ഷൻ 6 പ്രകാരം, ലോകത്തിന്റെ ഏതു ഭാഗത്തുള്ള മുസ്ലീങ്ങൾക്കും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാം.

* 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടോ?

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങളോട് കരുണ കാണിക്കുന്നതിന്റെ ഭാഗമായി 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണ്.

* സിഎഎ അനിവാര്യമാകുന്നത് എന്തുകൊണ്ട്?

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിച്ച് പൗരത്വ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിലൊരു നിയമം അനിവാര്യമാണ്. നേരത്തെ 2016-ൽ ഈ മൂന്ന് രാജ്യങ്ങളിലെയും ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യയിൽ കഴിയാനുള്ള ദീർഘകാല വിസയ്‌ക്കും അർഹരാണെന്ന് പ്രഖ്യാപിച്ചിരുന്നു.

* വിദേശരാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാർക്ക് ഏതെങ്കിലും വിധത്തിൽ നിയന്ത്രണം ഉണ്ടാകുമോ?

നിലവിലുള്ള മൗലികാവകാശങ്ങളൊന്നും ഇതുമൂലം നഷ്ടമാകുന്നില്ല. അതുകൊണ്ടുതന്നെ വിദേശ രാജ്യത്ത് നിന്നുള്ള മുസ്ലീം കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ഏതൊരു വ്യക്തിക്കും നിലവിലുള്ള നിയമങ്ങൾ പ്രകാരം ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഇസ്ലാമിക ആചാര പ്രകാരം ജീവിക്കുന്നവരും ഇസ്ലാമിക രാഷ്‌ട്രങ്ങളിൽ പീഡനത്തിനിരയാകുന്നുണ്ട്, ഇവർക്കും നിലവിൽ രാജ്യത്തുള്ള നിയമങ്ങൾ അനുസരിച്ച് തന്നെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം. സിഎഎ ഇതിന് തടസ്സമാകില്ല.

 

Share
Leave a Comment