ന്യൂഡൽഹി: 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് അർദ്ധചാലക പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയിൽ (ഡിഎസ്ഐആർ) സെമികണ്ടക്ടർ ഫാബ്രിക്കേഷൻ സെന്റർ, സാനന്ദിലും അസമിലെ മോറിഗാവിലും സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) സൗകര്യങ്ങൾക്കുള്ള കെട്ടിടത്തിനുമാകും ഇന്ന് തറക്കല്ലിടുക. വീഡിയോ കോൺഫറൻസിംഗ് വഴിയാകും ചടങ്ങ്. തുടർന്ന് ‘ഇന്ത്യയുടെ ടെക്‌ഡെഡ്: ചിപ്‌സ് ഫോർ വികസിത് ഭാരത്’ പരിപാടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും.
രാജ്യത്തെ 60,000 സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും യുവാക്കളുമാകും പരിപാടിയിൽ പങ്കെടുക്കുക. സാങ്കേതിക വിദ്യയിൽ താത്പരരായ ആർക്കും ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. അർദ്ധചാലകങ്ങളുടെ കേന്ദ്രമായി ഭാരതം മാറുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി.
അർദ്ധചാലകങ്ങളുടെ രൂപകൽപന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയിൽ ഇന്ത്യയെ ആഗോള കേന്ദ്രമായി മാറ്റുക, അതുവഴി യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതികളെന്ന് പിഎംഒ അറിയിച്ചു.















