വേനലാണ്, കൊടും ചൂടാണ്. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകൾ കേട്ടാണ് ഓരോ ദിനവും ആരംഭിക്കുന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാത്ത തരത്തിലാണ് നമ്മളിൽ ഭൂരിഭാഗം പേരും. പേരിന് കുറച്ച് വെള്ളം കുടിച്ച് ശരീരത്തിന് താത്കാലിക ആശ്വാസം നൽകുന്നവരാണ് നമ്മൾ. എന്നാൽ ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ശരീരത്തിന്റെ ജലനില മെച്ചപ്പെടുത്താൻ വെള്ളം കുടിച്ചിട്ട് കാര്യമില്ല. ചൂട് കാരണം വിയർപ്പായി പുറത്തുപോകും. സോഡിയം, ക്ലോറൈഡ്, ബൈകാർബനേറ്റ് എന്നിവ ഇതിലൂടെ നഷ്ടമാകുന്നു. സൂര്യതാപവും ചെങ്കണ്ണും മറ്റ് വേനൽക്കാല രോഗങ്ങളും പിടിപ്പെടകുകയും ചെയ്യുന്നു.
ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി വെള്ളത്തിന് പുറമേ ക്ഷീണം അകറ്റാനായി മോരും ഉപ്പിട്ട കഞ്ഞിവെള്ളവും ജ്യൂസുമൊക്കെ ശീലമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വെള്ളം ചേർക്കാത്ത പഴച്ചാറുകളാണ് വേനൽക്കാലത്ത് ഉത്തമം. തിളപ്പിച്ചാറിയ വെള്ളവും കുടിക്കാം. എന്നാൽ ചായയും കാപ്പിയും സോഫ്റ്റ് ഡ്രിങ്ക്സും ഒഴിവാക്കേണ്ടതാണ്. കരിക്കും ശരീരത്തിന് ഗുണങ്ങൾ നൽകുന്നു. ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കുന്നതും നല്ലതല്ല.
വേനൽക്കാലത്തുണ്ടാകുന്ന ചില രോഗങ്ങളും അവസ്ഥകളും
സൂര്യാതപം
വേനൽ ആയാൽ എല്ലാവരും പേടിക്കുന്ന ഒന്നാണ് സൂര്യാതപം. അധികനേരം വെയിലേറ്റ ഭാഗങ്ങളിൽ തൊലിപ്പുറത്ത് നീറ്റലോ, വെള്ളം വീഴുമ്പോൾ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേൽപ്പാളി പൊളിഞ്ഞിളകും. ക്രമേണ ചർമ്മം പഴയപടി ആയിത്തീരും. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളാണ് ഇതിന് കാരണം.
സൂര്യന്റെ ചൂടേറ്റ് ശരീരോഷ്മാവ് അനിയന്ത്രിതമായാൽ ശരീര പ്രവർത്തനങ്ങൾ താളം തെറ്റും. തലച്ചോറിലെ തെർമോ റഗുലേറ്ററി സെൻ്ററാണ് ശരീരത്തിലെ നിയന്ത്രിക്കുന്നത്. താപനിലയിൽ വ്യതിയാനം ഉണ്ടായാൽ വിയർപ്പ്, വിറയൽ പോലുള്ള മാർഗങ്ങളിലൂടെ തെർമേ റെഗുലേറ്ററി സെൻ്റർ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ചൂടേറ്റ് ശരീരോഷ്മാവ് വർദ്ധിക്കുന്നതോടെ ഇത് നടക്കാതെ വരുന്നു. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞ നിറത്തിൽ ആവുകയും ചെയ്യുന്നതാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ഇത് ചികിത്സിച്ചില്ലെങ്കിൽ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറാനും സാധ്യതയേറെയാണ്.
സൂര്യാഘാതം
രണ്ടോ മൂന്നോ ദിവസം കൊണ്ട് രൂപപ്പെടുന്നതാണ് സൂര്യഘാതം. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തിൽ കഴിയുന്നവർക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവർത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യ ലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതൽ അപസ്മാര ചേഷ്ടകൾക്കും തുടർന്ന് ഗാഢമായ അബോധാവസ്ഥയ്‌ക്കും വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളിൽ സൂര്യാഘാതത്തെ തുടർന്ന് ചർമം ഉണങ്ങി വരണ്ടിരിക്കും. സൂര്യാഘാതമുണ്ടായാൽ ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണനിരക്ക് 60-75 ശതമാനം വരെയാകാം. ഇതിൽ നിന്ന് രക്ഷപ്പെട്ടവരിൽ 20 ശതമാനം പേരും വൈകല്യങ്ങളും നാഡീഞരമ്പുകളുടെ തളർച്ച അനുഭവിക്കുന്നവരോ ആണ്.
വിളർച്ച ബാധിച്ചതുപോലുള്ള ചർമം,ക്ഷീണം, ഓക്കാനം, തലകറക്കം, സാധാരണയിൽ അധികമായി വിയർക്കുക, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ബോധക്ഷം, വിഭ്രാന്തി, ശ്വാസം മുട്ടൽ തുടങ്ങിയ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യ സഹായം ലഭ്യമാക്കുക.
നിർജ്ജലീകരണം
ശരീരത്തിൽ നിന്നും ജലവും ധാതു ലവണങ്ങളും അമിതമായി വിയർപ്പിലൂടെ നഷ്ടപ്പെടുന്നതാണ്
നിർജ്ജലീകരണത്തിന് കാരണം. മിക്ക അവയവങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. വൃക്കയെയാണ് ആദ്യം ബാധിച്ച് മൂത്രത്തിന്റെ അളവ് കുറയുന്നതിനും അണുബാധ വർദ്ധിക്കുന്നതിനും കാരണമാകും. ധാരാളം വെള്ളം കുടിക്കുന്നതാണ് പ്രതിവിധി. കാപ്പി, ചായ,സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചൂടുകുരു
ശരീരത്തിൽ വിയർക്കുന്ന ഭാഗങ്ങളിൽ ചെറിയ കുരുക്കൾ വരുന്നതിനെയാണ് ചൂടുകുരു എന്ന് പറയുന്നത്. വിയർപ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചിലരിൽ ചൊറിച്ചിലും അനുഭവപ്പെടാം. അയഞ്ഞ കോട്ടൺ വസ്ത്ര ധരിക്കുന്നത് ഉചിതമായിരിക്കും.
ചെങ്കണ്ണ്
കണ്ണിനെയും കൺപോളയെയും യോജിപ്പിക്കുന്ന ചർമപാളിയാണ് കൺജംഗ്ടീവ്. ഇവയെ ബാധിക്കുന്ന നീരിനെയും ചുവപ്പുനിറത്തെയുമാണ് ചെങ്കണ്ണ് അഥവാ കൺജംഗിടിവൈറ്റിസ് (Conjunctivitis) എന്ന് പറയുന്നത്. കണ്ണിൽ ചുവപ്പ്, വെള്ളം വരിക, പഴുപ്പ് അടിയുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണം.
വൃത്തിയുള്ള തുണി തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് കണ്ണിന് പുറത്ത് വയ്‌ക്കുക. ഇങ്ങനെ ചെയ്തിട്ട് കുറയുന്നില്ലെങ്കിലോ പഴുപ്പോ വേദനയോ ഉണ്ടെങ്കിൽ ചെങ്കണ്ണ് ആണെന്ന് ഉറപ്പിക്കാവുന്നതാണ്. വെയിലിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനായി തൊപ്പിയോകൂളിംഗ് ഗ്ലാസോ ഉപയോഗിക്കാവുന്നതാണ്.