ഇടുക്കി: തേനീച്ച കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. അമ്പതേക്കർ സ്വദേശി എംഎൻ തുളസി (85) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് വയോധികയ്‌ക്ക് തേനീച്ചയുടെ കുത്തേറ്റത്. തുടർന്ന് തേനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വയോധികയുടെ വീടിന് സമീപമുണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിട്ടതാണ് അപകടത്തിന് കാരണമായത്. വീട്ടിലെ സിറ്റൗട്ടിൽ ഇരുന്നിരുന്ന തുളസിയെ തേനീച്ച കൂട്ടമായി ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനീച്ചയുടെ കുത്തേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വയോധികയുടെ മൃതദേഹം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















