എറണാകുളം: ‘ബൊറേലിയ ബർഗ്‌ഡോർഫെറി’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവ്വരോഗമായ ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്.
കഴിഞ്ഞ ഡിസംബർ ആറിനാണ് കടുത്ത പനിയും കാൽമുട്ടിൽ നീരുമായെത്തിയ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധനക്കയച്ചു. പരിശോധനയിൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിക്കുകയും തുടർന്നു നടത്തിയ പരിശോധനയിൽ ലൈം രോഗമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ലൈം രോഗം സ്ഥിരീകരിക്കുന്നത്.
ലക്ഷണങ്ങൾ…
ചെള്ളുകടിച്ച പാട്, ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും, പനിയുമാണ് ലക്ഷണങ്ങൾ. ആരംഭത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ രോഗം വഷളാകും. തലച്ചോറിനെയും ഹൃദയത്തെയും വരെ ബാധിക്കാവുന്ന രോഗമാണിത്.