നടൻ ബിനു അടിമാലി ഉപദ്രവിച്ചെന്ന ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. ബിനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു തന്നെ മർദ്ദിച്ചതെന്നും ജിനേഷ് പറയുന്നു. തർക്കത്തെ തുടർന്ന് ബിനു അടിമാലി തന്റെ കാമറ തല്ലി പൊട്ടിക്കുകയും തന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നുമാണ് മാനേജറിന്റെ പരാതിയിൽ പറയുന്നത്.
” ബിനു ചേട്ടന് സ്വന്തം അനിയനെ പോലെയായിരുന്നു ഞാൻ. കഴിഞ്ഞ വർഷത്തിലുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ നിന്ന് കാര്യങ്ങൾ ചെയ്തു കൊടുത്തതെല്ലാം ഞാനായിരുന്നു. സുധി ചേട്ടന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിയുടെ കാലുകൾക്ക് പ്രശ്‌നമില്ലായിരുന്നു. എന്നാൽ എല്ലാവരിൽ നിന്നും സിംപതി കിട്ടണമെന്ന് കരുതിയാണ് അയാൾ വീൽചെയർ ഉപയോഗിച്ച് വീട്ടിലേക്ക് കയറിയത്. ഇത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നും എന്നോട് പറഞ്ഞു. മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്യരുതെന്ന് മഹേഷ് പറഞ്ഞിരുന്നു.
എന്നാൽ ഇതൊക്കെ ബിനു അടിമാലിയുടെ സോഷ്യൽ മീഡിയകളിൽ ഇടണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതൊക്കെ പോസ്റ്റ് ചെയ്താൽ ശരിയാവില്ലെന്നു തോന്നിയത് കൊണ്ടു തന്നെ ഞാൻ ബിനു ചേട്ടന്റെ സുഹൃത്തിന് യൂട്യൂബ് ചാനൽ തുടങ്ങി കൊടുക്കുകയും അതിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് ബിനു ചേട്ടനോട് പറഞ്ഞില്ലെന്ന് ആരോപിച്ചാണ് തർക്കങ്ങൾക്ക് തുടക്കമായത്. ബിനുവിന്റെ ഫെയ്‌സ്ബുക്കിൽ മോശം കമന്റുകൾ ഇടുന്നത് താനാണെന്നും ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്തുവെന്നും ആരോപിച്ച് അദ്ദേഹം വഴക്കുണ്ടാക്കി.”- ജിനേഷ് ആരോപിച്ചു.
സിംപതി കിട്ടുന്നതോടെ സമൂഹത്തിലുള്ള തന്റെ ഇമേജ് മാറുമെന്ന് പറഞ്ഞായിരുന്നു ബിനു വീഡിയോ ഷൂട്ട് ചെയ്യാൻ നിർബന്ധിച്ചതെന്നും ജിനേഷ് പറയുന്നുണ്ട്. പ്രശ്‌നങ്ങൾ അതിരുവിട്ടതോടെ ബിനുവിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് നിർത്തി. ഇതോടെ ബിനു തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ജിനേഷിന്റെ പരാതിയിൽ പറയുന്നു. ഭീഷണി കടുത്തതോടെ പോലീസിൽ പരാതിപ്പെട്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്. ബിനു മർദ്ദിച്ചതിനെ തുടർന്ന് പൊളിഞ്ഞു പോയ വാതിലിന്റെ ചിത്രങ്ങളും പങ്കുവച്ചാണ് ജിനേഷ് വീഡിയോ പുറത്തുവിട്ടത്.