ലക്‌നൗ: ഭാരതത്തിലെത്തുന്ന ചൈനീസ് നിർമ്മിത വസ്തുക്കള തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (MSME) തുടക്കം കുറിച്ച് ഉത്തർപ്രേദശ് സർക്കാർ. ഉത്തർപ്രദേശിൽ ആരംഭിച്ച ഇത്തരം സംരംഭങ്ങളുടെ വളർച്ചയോടെ ചൈനീസ് നിർമ്മിത വസ്തുക്കൾ ഭാരതത്തിലെത്തുന്നത് പൂർണമായും നിർത്തലാക്കാൻ സാധിക്കുമെന്നും ആത്മനിർഭര ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ലോക്ഭവനിൽ നടന്ന എംഎസ്എംഇ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സംസ്ഥാനത്ത് തദ്ദേശീയമായി ഉത്പാദിപ്പിക്കപ്പെടുന്നവ വിപണിയിലെത്തുമ്പോൾ അവയെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ചൈനീസ് നിർമ്മിത വസ്തുക്കൾ നമ്മുടെ രാജ്യത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? തദ്ദേശീയമായി നമുക്കാവശ്യമുള്ള വസ്തുക്കൾ നിർമ്മിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കും. ഇത്തരം സംരംഭങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.”- യോഗി ആദിത്യനാഥ് പറഞ്ഞു.
ദീപാവലി, ക്രിസ്തുമസ്, ഈദ്, വിജയദശമി തുടങ്ങിയ ഉത്സവവേളകളിൽ ഉത്തർപ്രദേശിൽ തദ്ദേശീയമായി നിർമ്മിച്ച ഉത്പന്നങ്ങൾ വ്യാപകമായി രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ യുവ സംരംഭകർക്ക് പ്രചോദനമേകുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആത്മനിർഭര ഭാരതത്തിനായുള്ള യാത്രയിലാണ് രാജ്യം. ഇതിന് ഉത്തർപ്രദേശിൽ നിന്നുള്ള ചെറുകിട സംരംഭകരും പങ്കാളികളാവുന്നു. ഇത്തരത്തിൽ തദ്ദേശീയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ ചൈനീസ് നിർമ്മിത വസ്തുക്കളെ ഭാരതത്തിൽ നിന്നും തുടച്ചു നീക്കാമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷമായി ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ എംഎസ്എംഇ വകുപ്പിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ഈ മേഖലയ്‌ക്കായി 30,826 കോടിയുടെ മെഗാ ലോൺ നൽകുകയും ചെയ്തു.















