തിരുവനന്തപുരം: കലോത്സവങ്ങൾക്കിടെ വിധികർത്താക്കളും യൂണിയൻ ഭാരവാഹികളും കോഴ വാങ്ങുന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ വിജിലൻസിന് പരാതി നൽകി. കേരള സർവ്വകലാശാല കലോത്സവത്തിന്റെ പ്രോഗ്രാം കമ്മറ്റി കൺവീനറാണ് പരാതി നൽകിയത്. വാട്സ്ആപ്പ് ചാറ്റും, ഓഡിയോ ക്ലിപ്പും ഉൾപ്പെടെ സമർപ്പിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
സർവകലാശാല കലോത്സവങ്ങൾക്കിടെ എസ്‍എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമങ്ങൾക്കെതിരെ പരാതിയുമായി എബിവിപിയും രംഗത്തെത്തിയിരുന്നു. കേരള സർവകലാശാല ചാൻസിലർക്കും വൈസ് ചാസിലർക്കും എബിവിപി പരാതി നൽകി. കലോത്സവ വേദികൾ എസ്എഫ്ഐ അവരുടെ അക്രമം നടത്തുന്നതിനും സാമ്പത്തിക അഴിമതി നടത്തുവാനുമുള്ള വേദിയാക്കി മാറ്റിയെന്നും വിധികർത്താക്കളും യൂണിയൻ ഭാരവാഹികളും എസ്എഫ്ഐ നേതാക്കളും കോഴ വാങ്ങുന്നുണ്ടെന്നും ആരോപിച്ചാണ് എബിവിപി പരാതി നൽകിയത്.
മത്സര ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നൽകുന്നതിനാണ് കോഴ വാങ്ങുന്നത്. കലോത്സവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയിലും പണമിടപാടുകളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.















