തിരുവനന്തപുരം: പദ്മജ വേണുഗോപാലിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം. പദ്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രയോഗിച്ചതു മോശം ഭാഷ എന്നായിരുന്നു വിമർശനം. ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും വിമർശനങ്ങൾ ഉയർന്നു.
രാഹുലിന്റെ ഭാഷയ്‌ക്ക് അഹങ്കാരത്തിന്റെ സ്വരമാണെന്നും യോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ രാഹുൽ മങ്കൂട്ടത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞത്.
പദ്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപ പരാമർശം നടത്തിയത്. പദ്മജ ഇനി കരുണാകരന്റെ മകളെന്നു പറഞ്ഞ് നടക്കരുതെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പരാമർശിച്ചത്. കരുണാകരന്റെ പൈതൃകം പദ്മ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പദ്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പദ്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്‌ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടുമെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. വിവാദ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.
വിഷയത്തിൽ പദ്മജ വേണുഗോപാലും പ്രതികരിച്ചിരുന്നു. അത്തരം വിരട്ടലുകളൊന്നും ചെലവാകില്ലെന്നും പരാക്രമം സ്ത്രീകളോട് വേണ്ടെന്നുമാണ് പദ്മജ വേണുഗോപാൽ പറഞ്ഞത്. മറ്റ് പാർട്ടികളുടെ സഹായത്താൽ ഒറ്റ ദിവസം കൊണ്ട് നേതാവായ ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ. മൂക്കാതെ പഴുക്കുന്ന സ്വഭാവമാണെന്നും അദ്ദേഹത്തെ സംരക്ഷിക്കാൻ ഒന്ന് രണ്ട് നേതാക്കന്മാരുണ്ടെന്നും പദ്മജ പറഞ്ഞിരുന്നു.