മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് സിനിമയുടെ ആദ്യ ഗാനം പുറത്ത്. ‘ നേരം’ എന്ന ലിറിക്കൽ റാപ്പ് ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഗാനമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു. മലയാളികൾക്കുള്ള വിഷു കൈനീട്ടമായി ജയ് ഗണേഷ് ഏപ്രിൽ 11നാണ് പുറത്തിറങ്ങുന്നത്.
‘You are meant to Thrive, not just Survive!’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ശങ്കർ ശർമ്മയുടെ സംഗീതത്തിന് ആർസിയാണ് വരികൾ എഴുതിയിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, മഹിമ നമ്പ്യാർ, ജോമോൾ എന്നിവരും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ഒരിടവേളക്ക് ശേഷം ജോമോളും അഭിനയിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.